മെഗാ തിരുവാതിരയുമായി മ്യൂണിക്ക് കേരള സമാജം ഓണാഘോഷം
Thursday, September 29, 2016 8:12 AM IST
മ്യൂണിക്ക്: മ്യൂണിക്ക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവോണാഘോഷം ഏറെ ശ്രദ്ധേയമായി.

സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് 12ന് ഹാർ ദേവാലയഹാളിൽ നടത്തിയ ഓണസദ്യയെ തുടർന്ന് പരിപാടികൾ മ്യൂണിക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ദിനേഷ് സേതിയ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് ജോൺസൺ ചാലിശേരിൽ അധ്യക്ഷത വഹിച്ചു. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൂട്ടിയിണക്കി ഫാ. ജോസ് കുന്നേൽ നടത്തിയ ഓണസന്ദേശം നൽകി.

തുടർന്നു മ്യൂണിക്ക് മലയാളി സമൂഹത്തിലെ 36 മങ്കമാർ ഒരുമിച്ച് അവതരിപ്പിച്ച തിരുവാതിരകളി ആഘോഷത്തിന്റെ മുഖ്യാകർഷണമായി. ഇതാദ്യമായാണ് ഇത്രയും വനിതകൾ പങ്കെടുത്ത തിരുവാതിര നൃത്തം ജർമനിയിൽ അരങ്ങേറിയതെന്ന പ്രത്യേകതയും ഈ ഓണാഘോഷത്തെ വേറിട്ടതാക്കി.

മ്യൂണിക്ക് നാട്യധാര നൃത്തവിദ്യാലയത്തിലെ നൃത്താധ്യാപിക കീർത്തി കൃഷ്ണയുടെ കോറിയോഗ്രാഫിയിലാണ് തിരുവാതിര അരങ്ങിലെത്തിയത്.

രേവതി നൃത്തവിദ്യാലയത്തിലെ ബ്രിഗിറ്റെയും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം, അഭിനയ നൃത്തവിദ്യാലയത്തിലെ കുട്ടികളൾ അവതരിപ്പിച്ച ഭരതനാട്യം, കേരളസമാജത്തിലെ യുവജനങ്ങൾ അവതരിപ്പിച്ച ബോളിവുഡ് നൃത്തവും സമാജം അംഗങ്ങൾ നടത്തിയ ഗാനമേള എന്നിവയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. ചായസൽക്കാരത്തോടെ ഓണാഘോഷത്തിന് തിരശീലവീണു.

ജോൺസൺ ചാലിശേരി, അനോബി ജോസ് എന്നിവർ പ്രസംഗിച്ചു. പ്രിയ ടോം പ്രിൻസ് പരിപാടികളുടെ അവതാരകയായിരുന്നു. തംബോലയ്ക്ക് സമാജം ട്രഷറർ സജ്‌ഞയ് ജോർജ് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ