ജർമനിയിൽ ആശുപത്രിയ്ക്ക് തീപിടിച്ച് രണ്ടു മരണം
Friday, September 30, 2016 12:56 AM IST
ബർലിൻ: മധ്യജർമനിയിലെ ബോഹും നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയ്ക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റവരിൽ ഏഴുപേർ അതീവ ഗുരുതരാവസ്‌ഥയിലാണ്. മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്നു പുലർച്ചെ പ്രാദേശിക സമയം 2.35 നാണ് ആശുപത്രിയിലെ ഒരു രോഗിയുടെ മുറിയിൽ നിന്നും തീപിടുത്തമുണ്ടായത്.

ഇതുവരെ തീയണയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണു റിപ്പോർട്ടുകൾ.ഏതാണ്ട് ഇരുനൂറിലധികം അഗ്നിശമന സേനാംഗങ്ങളും പോലീസുകാരും രക്ഷാപ്രവർത്തനത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ലെന്നു അഗ്നിശമന സേനാ തലവൻ ഗോട്ട്ഫ്രീഡ് വിംഗളർ ഷ്ളോസ് പറഞ്ഞു. ആശുപത്രിയുടെ ഒരു നില മുഴുവൻ കത്തി നശിച്ചതായിട്ടാണ് വിവരം.

ബെർഗ്മാൻഷൈൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 650 ബെഡുകളാണുള്ളത്. ഇതിൽ നൂറുപേരെ അടിയന്തിരമായി ആശുപത്രിയിൽ നിന്നും വിട്ടയച്ചു. 80 പേരെ അടുത്തുള്ള ആശുപത്രികളിലേയ്ക്കു മാറ്റിയിട്ടുണ്ട്. ആശുപത്രിയും ചുറ്റുപാടും പോലീസ് വലയത്തിലാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ