ഡോ. നിഷാ പിള്ളയ്ക്ക് കാർഡിയോളജി ഡിപ്ലോമേറ്റ് പദവി
Friday, September 30, 2016 1:01 AM IST
ന്യൂയോർക്ക്: ഹൃദ്രോഗ ചികിത്സാ രംഗത്തു സ്തുത്യർഹമായ പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ ഡോക്ടർ നിഷാ പിള്ള അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ഡിപ്ലോമേറ്റ് പദവിക്ക് അർഹയായി.

കോട്ടയം മെഡിക്കൾ കോളേജിൽ നിന്ന് എംബിബിഎസ്. ബിരുദം നേടിയ ഡോ.നിഷ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻഫ്രാൻസിസ്ക്കോയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്നു ന്യൂയോർക്കിലെ വൈൽ കോർണേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാർഡിയോവാസ്കുലർ ഡിസീസസിൽ ബിരുദാനന്തര ബിരുദം നേടി.

2006ൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ നിന്നു ഫെലോഷിപ്പിന് നേടി. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ‘വിമൻ ഇൻ കാർഡിയോളജി’ അവാർഡ്, ഹെൽത്ത് ഗ്രേഡ്സ് യുഎസ്എയിൽ നിന്ന് കംപാഷനേറ്റ് ഫിസിഷ്യൻ റെക്കഗ്നിഷൻ, നിരവധി തവണ പേഷ്യന്റ്സ് ചോയ്സ് അവാർഡുകൾ, ട്രൈസ്റ്റേറ്റ് എക്സലൻസ് അവാർഡ് ഇൻ മെഡിസിൻ, ചെയർമാൻസ് അവാർഡ് ഫോർ ടീച്ചിംഗ് തുടങ്ങി നിരവധി ബഹുമതികൾ ഡോക്ടർ നിഷ നേടിയിട്ടുണ്ട്. സ്ത്രീകളിലെ ഹൃദ്രോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങൾ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ കോൺഫറൻസിൽ പ്രബന്ധമായി അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വിമൻസ് കൗൺസിൽ അംഗമാണ്. നോർത്ത്വെൽ ഹെൽത്ത് സിസ്റ്റത്തിനു കീഴിലുള്ള റീഗോ പാർക്ക് കാർഡിയാക്ക് സെന്ററിന്റെ ഡയറക്ടറും, ലോംഗ് ഐലന്റ് ജ്വീഷ് ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം ഫാക്കൽറ്റിയുമാണ് ഡോ. നിഷാ പിള്ള. കൂടുതൽ വിവരങ്ങൾക്ക്: 718 470 7330, 718 975 5220.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ