ഫ്ളു ഷോട്ട് അടിയന്തരമായി എടുക്കണമെന്ന് സിഡിസി
Friday, September 30, 2016 8:34 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ എല്ലാവരും പ്രായഭേദമന്യേ അടിയന്തരമായി ഫ്ളു ഷോട്ട് (പനിക്കെതിരെയുളള പ്രതിരോധ കുത്തിവയ്പ്) എടുക്കണമെന്ന് ഫെഡറൽ ഹെൽത്ത് അധികൃതർ നിർദ്ദേശം നൽകി.

സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. തോമസ് ഫ്രെഡിന്റേതാണ് ഉത്തരവ്. ഫ്ളു ഷോട്ട് നിസാരമായി അവഗണിക്കേണ്ടതല്ലെന്നും ഓരോ വർഷവും ആയിരങ്ങളാണ് ഫ്ളു സീസണിൽ ജീവഹാനി സംഭവിക്കുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

അമേരിക്കയിൽ 45 ശതമാനമാണ് കഴിഞ്ഞ വർഷം ഫ്ളു ഷോട്ട് എടുത്തത്. തലേ വർഷത്തേക്കാൾ 1.5 ശതമാനം കുറവാണിത്. 168 മില്യൺ ഡോസ് ഫ്ളു വാക്സിൻ ഈ വർഷം ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 93 മില്യൺ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും തോമസ് പറഞ്ഞു. ഫ്ളു സീസൺ ആരംഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് രോഗ പ്രതിരോധത്തിന് ഏറ്റവും ഗുണകരമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ