മഹിമ ഓണാഘോഷവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചു
Friday, September 30, 2016 8:35 AM IST
ന്യൂയോർക്ക്: മലയാളി ഹിന്ദു മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ശ്രീ കൃഷണ ജയന്തിയും വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ക്വീൻസ് ഹൈസ്കൂൾ ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ അരങ്ങേറിയത്. രാവിലെ 11.30ന് ആരംഭിച്ച ശോഭായാത്രയിൽ നിരവധി ബാലിക ബാലന്മാർ രാധ കൃഷ്ണ വേഷമണിഞ്ഞു താലപ്പൊലിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയെ ആനയിച്ചു. അപ്പുക്കുട്ടൻ പിള്ള മഹാബലിയായി വേഷമിട്ടു.

മഹിമയുടെ പ്രഥമ വനിത ബിന്ദു കൊച്ചുണ്ണി ഭദ്രദീപം തെളിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥികളായിരുന്ന തുമ്പൊളിൽ സത്യനാഥും ചലച്ചിത്ര തരാം മന്യയും ഓണസന്ദേശം നൽകി. പ്രസിഡന്റ് കൊച്ചുണ്ണി ഇളവൻ മഠം, സെക്രട്ടറി ശബരിനാഥ് നായർ, ട്രസ്റ്റി ബോർഡ് ചെയർ സുധാകരൻ പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് അറുന്നൂറോളം പേർക്ക് ഒരുക്കിയ ഓണസദ്യ ഗൃഹാതുരത്വം ഉണർത്തിയതായി ഇതിനു നേതൃത്വം നൽകിയ സുരേഷ് ഷൺമുഖം പറഞ്ഞു.

ബിന്ദു സുന്ദരൻ, സ്മിത ഹരിദാസ്, ശാലിനി രാജേന്ദ്രൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. കൊച്ചുണ്ണി ഇലവൻ മഠത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണവില്ല് തായംബക, തിരുവാതിര, ബോളിവുഡ് ഡാൻസ്, കഥക്ക് നൃത്തം, ഇമ്പമേറിയ ഗാനങ്ങൾ, കൊച്ചു കുട്ടികളുടെ നൃത്തം തുടങ്ങിയവ കലാപരിപാടികൾക്ക് കൊഴുപ്പേകി. സദസിനു നറുക്കെടുപ്പിലൂടെ നൽകിയ ഓണസമ്മാനം ഇത്തവണയും ശ്രദ്ധേയമായി. ചിത്ര ശബരിനാഥ്, മൃദുല പൊന്നിൻകുന്നത് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

റിപ്പോർട്ട്: ജോസ് കാടാപ്പുറം