റോക്ലാന്റ് സെന്റ് മേരീസ് ക്നാനായ മിഷനിലെ തിരുനാൾ ഭക്‌തിനിർഭരമായി
Friday, September 30, 2016 8:37 AM IST
ന്യൂയോർക്ക്: മരിയൻ ഷ്രൈയിൻ ദേവാലയത്തിൽ പ്രവർത്തിക്കുന്ന റോക്ലാന്റ് സെന്റ് മേരീസ് ക്നാനായ മിഷനിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഭക്‌തിനിർഭരമായി.

സെപ്റ്റംബർ 23ന് വൈകുന്നേരം പിറവം പള്ളി വികാരി ഫാ.തോമസ് ആദോപ്പിള്ളിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കൊടിയേറ്റത്തോടെ തിരുനാൾ തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ചു. ഞായർ 3.30ന് നടന്ന ആഘോഷമായ തിരുനാൾ റാസ കുർബാനക്ക് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി, ഫാ.ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. റിജൊ ജോൺസൺ, ഫാ.സാബു മാലിതുരുത്തേൽ, ഫാ.തോമസ് ആദോപ്പള്ളി എന്നിവർ സഹകാർമികരായിരുന്നു. ഫാ.സാബു മാലിതുരുത്തേൽ തിരുനാൾ സന്ദേശം നൽകി. ഫാ.തദേവൂസ് അരവിന്ദത്ത് പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിച്ചു. തുടർന്ന് മരിയൻ ഷ്രൈയിൻ ചാപ്പലിലേയ്ക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം നടന്നു.

തിരുനാളിനോടനുബന്ധിച്ച് മിഷനുവേണ്ടി ജോയി വാഴമലയിൽ രൂപകല്പന ചെയ്ത് നേർച്ചയായി നൽകിയ മാതാവിന്റെ രൂപക്കൂട് പ്രദക്ഷിണത്തിന്റെ മാറ്റുക്കൂട്ടി. പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ ഒരു ദേവാലയം ഉണ്ടാകണമെന്ന ആഗ്രഹം മിഷൻ ഡയറക്ടർ ഫാ.ജോസ് ആദോപ്പള്ളി വിശ്വാസികളുമായി പങ്കുവച്ചു. നാല്പതു പ്രസുദേന്തിമാർ ഏറ്റെടുത്ത് നടത്തിയ തിരുനാൾ, വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു.

തിരുനാളിൽ പങ്കെടുത്ത ഏവർക്കും മിഷൻ ഡയറക്ടർ ഫാ.ജോസ് ആദോപ്പള്ളി, കൈക്കാരൻമാരായ സിബി മണലേൽ, ഫിലിപ്പ് ചാമക്കാല, ട്രേയ്സി മണിമല, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിച്ചു.