വോൾവോ ഒന്നേകാൽ ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു
Friday, September 30, 2016 8:40 AM IST
സ്റ്റോക്ഹോം: സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോ ലോക വ്യാപകമായി 127,000 കാറുകൾ തിരിച്ചുവിളിക്കുന്നു. എയർബാഗുകൾ തകരാറിലാകാനുള്ള സാധ്യത കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

ഇത്തരത്തിൽ അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, എയർബാഗിന്റെ ഒരു ഡ്രെയ്ൻ ഹോസ് കണക്ട് ചെയ്തിരിക്കുന്നത് തെറ്റായ രീതിയിലാണെന്ന് വ്യക്‌തമായ സാഹചര്യത്തിൽ ഇവ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ഡ്രെയ്ൻ ഹോസ് ശരിയായ രീതിയിലല്ലെങ്കിൽ എസിയിൽനിന്നുള്ള വെള്ളം ഉള്ളിൽ വീഴുകയും ഇത് എയർ ബാഗിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന തരത്തിലാകുകയും ചെയ്യാം എന്നാണ് നിഗമനം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ