എം ജി ശ്രീകുമാർ * രമേഷ് പിഷാരടി സംഘം അരിസോണയിൽ ഒക്ടോബർ ഒമ്പതിന്
Saturday, October 1, 2016 1:03 AM IST
ഫീനിക്സ് (അരിസോണ) : നടൻ മോഹൻലാലിന്റെ മുപ്പത്തിയാറു വർഷത്തെ അഭിനയ ജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്ന മെഗാ ഷോ ‘ടു ലാലേട്ടന് ബൈ ശ്രീക്കുട്ടൻ’ ഞായറാഴ്ച ഒക്ടോബര് ഒമ്പതാം തീയതി അരിസോണ മലയാളികളുടെ മുന്നിൽ ദൃശ്യവിസ്മയം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നു. മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയില് ജീവൻ നൽകിയ മോഹൻലാലിന് മലയാളി നൽകുന്ന ആദരവായാണ് ഈ കലാപരിപാടി അവതരിപ്പിക്കുന്നത്.

മോഹൻലാൽ അനശ്വരമാക്കിയ മഞ്ഞിൽവിരിഞ്ഞ പൂക്കൾ, കിരീടം, ചിത്രം, കിലുക്കം, മണിച്ചിത്രതാഴ്, കമലദളം, ഹിസ് ഹൈനെസ് അബ്ദുല്ല, ദൃശ്യം തുടങ്ങി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒപ്പം വരെയുള്ള സിനിമകളിലെ സംഗീതവും നൃത്തവും ഹാസ്യവും ഒരുപോലെ കോർത്തിണക്കിയ ഈ പരിപാടി ആസ്വാദക ഹൃദയങ്ങൾക്ക് വിഭവസമൃദ്ധമായ ഒരു കലാമേള തന്നെ ആയിരിക്കും.

മലയാളത്തിന്റെ സ്വന്തം ഗായകൻ എം.ജി ശ്രീകുമാറും, മികച്ച അഭിനേത്രിയും പ്രമുഖ നര്ത്തകിയുമായ രമ്യാ നമ്പീശനും, ചുരുങ്ങിയ കാലം കൊണ്ട് മലയാളിയുടെ ചിരിക്കു പുതിയ മാനം നൽകിയ അനുഗ്രഹീയ കലാകാരൻ രമേഷ് പിഷാരടിയും, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം അനേകം നിരവധി ഗാനങ്ങൾ ആലപിച്ച പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റു പ്രമുഖ കലാകാരന്മാരും ചേർന്നു അനശ്വരമാക്കുന്നു.

സ്റ്റാർ എന്റർറ്റൈൻമെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അവതരിപ്പിക്കുന്ന മുഴുനീള വിനോദ കലാപരിപാടി കേരള ഹിന്ദുസ് അരിസോണയുടെ ചിരകാല സ്വപ്നപദ്ധതിയായ ‘കലാക്ഷേത്ര‘ യുടെ ധനശേഖരണാർത്ഥമാണ് സംഘടിപ്പിച്ചിട്ടുള്ളത്. അരിസോണയിലെ പ്രവാസി ഭാരതീയർക്ക് ഒത്തുകൂടാനും പുതിയ തലമുറയ്ക്ക് നമ്മുടെ പാരമ്പര്യവും, കലാസാംസ്കാരിക പൈതൃകവും പകർന്നു കൊടുക്കാനുള്ള ഒരു വേദിയുണ്ടാവണമെന്ന ചിന്തയിൽനിന്നാണ് ‘കലാക്ഷേത്ര’ എന്ന പദ്ധതി പിറവിയെടുത്ത്. ഈ സംരഭത്തിലേക്കു അരിസോണയിലെ എല്ലാവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ സാദരം കാംക്ഷിക്കുന്നതായി സംഘാടകരായ സുധീർ കൈതവന ജോലാൽ കരുണാകരൻ എന്നിവർ അഭ്യർഥിച്ചു. ടിക്കെറ്റുകള് പ്രമുഖ ഇന്ത്യൻ കടകളിൽ നിന്നോ ഓൺലൈനിലോ ലഭ്യമാണ്.

റിപ്പോർട്ട്: മനു നായർ