സ്റ്റാറ്റൻഐലന്റിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 1,2 തീയതികളിൽ
Saturday, October 1, 2016 1:03 AM IST
ന്യൂയോർക്ക്: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 331–മതു ദുക്റോന പെരുന്നാൾ ഭക്‌തിനിർഭരമായ ചടങ്ങുകളോടെ ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിൽ കൊണ്ടാടുന്നു. ആകമാന സുറിയാനി സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിൽ ഉൾപ്പെട്ട സ്റ്റാറ്റൻഐലന്റ് മോർ ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ ശനി, ഞായർ ദിവസങ്ങളിലായി നടത്തപ്പെടുന്ന ഓർമ്മപ്പെരുന്നാളിൽ ഭദ്രാസനാധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാർമികത്വം വഹിക്കുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 6.30–നു സന്ധ്യാപ്രാർത്ഥനയും തുടർന്നു സുവിശേഷഘോഷണവും നടക്കും. ഇടവകാംഗവും ന്യൂജേഴ്സി വാണാക്യു സെന്റ് ജയിംസ് സിറിയൻ ഓർത്തഡോക്സ് പള്ളി വികാരിയുമായ റവ. ഫാ. ആകാശ് പോൾ ആണ് മുഖ്യകാർമികൻ. ആശീർവാദത്തിനും കൈമുത്തിനും ശേഷം സ്നേഹവിരുന്നോടെ ഒന്നാംദിന പെരുന്നാളിന്റെ ചടങ്ങുകൾ അവസാനിക്കും.

പ്രധാന പെരുന്നാൾ ദിനമായ ഒക്ടോബർ രണ്ടാംതീയതി ഞായറാഴ്ച ഒമ്പതിനു ദൈവാലയത്തിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ സ്വീകരിച്ചാനയിക്കും. ലുത്തിനിയയ്ക്കുശേഷം പ്രഭാത പ്രാർത്ഥനയും തുടർന്നു തിരുമേനിയുടെ മുഖ്യകാർമിക്‌ത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. ശുശ്രൂഷാ മധ്യേ പരിശുദ്ധ യൽദോ ബാവയോടും, ശുദ്ധിമതിയായ ദൈവമാതാവിനോടും, കാവൽപിതാക്കന്മാരോടുമുള്ള പ്രത്യേക മധ്യസ്‌ഥപ്രാർത്ഥനയുണ്ടായിരിക്കും. ഇടവകാംഗമായ ഏലിയാസ് ജോർജും കുടുംബവുമാണ് ഈവർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത്. വിശുദ്ധ കുർബാനയ്ക്കുശേഷം റാസ, കൈമുത്ത്, നേർച്ചവിളമ്പ്, ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

വികാരി റവ.ഫാ. രാജൻ പീറ്റർ, സഹ വികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, സെക്രട്ടറി ഷെവലിയാർ ഈപ്പൻ മാളിയേക്കൽ, ജോയിന്റ് സെക്രട്ടറി അലക്സ് വലിയവീടൻ, ട്രഷറർ ജിൻസ് ജോൺ, ജോയിന്റ് ട്രഷറർ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തിലും കമ്മിറ്റി അംഗങ്ങളായ ജോസ് ഏബ്രഹാം, ജോയി നടുക്കുടി, തോമസ് സഖറിയ എന്നിവരുടേയും, വിവിധ ഭക്‌തസംഘടനാ ഭാരവാഹികളുടേയും സഹകരണത്തിലും വിവിധ കമ്മിറ്റികൾ പെരുന്നാൾ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഷെവലിയാർ ഈപ്പൻ മാളിയേക്കൽ (സെക്രട്ടറി) 917 514 0549, അലക്സ് വലിയവീടൻ (ജോയിന്റ് സെക്രട്ടറി) 718 619 7674, ജിൻസ് ജോൺ (ട്രഷറർ) 718 810 1783, ബെന്നി ചാക്കോ (ജോയിന്റ് ട്രഷറർ) 247 265 8988. ബിജു ചെറിയാൻ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം