നമ്മ മെട്രോ: വടക്കുതെക്ക് ഇടനാഴിയിൽ തുരങ്കനിർമാണം പൂർത്തിയായി
Saturday, October 1, 2016 7:50 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ വടക്കുതെക്ക് ഇടനാഴിയിലെ തുരങ്കനിർമാണം പൂർത്തിയായി. പാതയിലെ ചിക്പേട്ട് മുതൽ മജെസ്റ്റിക് വരെ 747 മീറ്റർ ദൂരത്തിലാണ് തുരങ്കം നിർമിച്ചിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തുരങ്കം നിർമിക്കുന്ന കൃഷ്ണ യന്ത്രം മജെസ്റ്റിക്കിൽ പ്രവേശിച്ചു. മെട്രോ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ഭൂഗർഭപാതയുടെ അവസാന തുരങ്കമാണ് പൂർത്തിയായത്. ജനവാസ മേഖലയായതിനാൽ 60 അടി താഴ്ചയിലാണ് ഭൂഗർഭപാതയുടെ നിർമാണം നടന്നത്. പാത സ്‌ഥാപിക്കൽ, വൈദ്യുതീകരണം, സിഗ്നൽ സ്‌ഥാപിക്കൽ, സുരക്ഷാ പരിശോധന തുടങ്ങിയ ജോലികളാണ് ഇനി നടക്കാനുള്ളത്. ഈ ജോലികളെല്ലാം പൂർത്തിയാക്കി അടുത്ത വർഷം ഏപ്രിലോടെ ഈ പാതയിൽ മെട്രോ സർവീസ് ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമ്പിഗെ റോഡ് മുതൽ കെംപഗൗഡ സ്റ്റേഷൻ വരെയുള്ള ഭൂഗർഭപാതയുടെ നിർമാണം കഴിഞ്ഞ ഏപ്രിലിൽ പൂർത്തിയായിരുന്നു. ട്രാക്കും സിഗ്നലുകളും ഈ പാതയിൽ സ്‌ഥാപിക്കുകയും ചെയ്തു. മെട്രോ ഒന്നാം ഘട്ടം നവംബറിൽ പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും തുരങ്കനിർമാണം വൈകിയതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. 2012 ഡിസംബറിലാണ് തുരങ്കത്തിന്റെ നിർമാണം ആരംഭിച്ചത്. ജനവാസ മേഖലയായതിനാൽ ഏറെ ശ്രദ്ധാപൂർവമാണ് തുരങ്കനിർമാണം നടന്നത്. യന്ത്രം കൊണ്ടുള്ള തുരങ്കനിർമാണത്തിനിടെ പ്രദേശത്തെ ചില കെട്ടിടങ്ങളിൽ വിള്ളൽ കാണപ്പെട്ടത് ആശങ്കയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. നാഗസാന്ദ്ര മുതൽ പുട്ടനഹള്ളി വരെയുള്ള 24.20 കിലോമീറ്റർ പാതയിൽ അടുത്ത വർഷമാദ്യം തന്നെ പൂർണമായും സർവീസ് നടത്താനാകുമെന്നാണ് ബിഎംസിആർഎലിന്റെ കണക്കുകൂട്ടൽ.