ഫിലഡൽഫിയയിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ ട്രംപ് അനുകൂല റാലി ഒക്ടോബർ എട്ടിന്
Saturday, October 1, 2016 8:05 AM IST
ഫിലഡൽഫിയ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിച്ചിരിക്കെ ഇന്ത്യൻ കമ്യൂണിറ്റി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡോണാൾഡ് ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നു. അമേരിക്കയിലെ വർഗ–വർണ– ജാതി ചിന്തകൾക്കതീതമായി എല്ലാ വിഭാഗങ്ങളേയും റാലിയിൽ അണിനിരത്തുമെന്ന് സംഘാടകരായ സത്യ ദേശ്പതി, അരവിന്ദ് കുമാർ എന്നിവർ അറിയിച്ചു.

ഫിലഡൽഫിയയിൽ സംഘടിപ്പിക്കുന്ന റാലിക്കു സമാനമായി ഫ്ളോറിഡ, നോർത്ത് കരോളിന, ഒഹായൊ തുടങ്ങിയ സംസ്‌ഥാനങ്ങളിലും ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നതിനുളള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും സംഘാടകർ അറിയിച്ചു. ട്രംപ് ഉയർത്തിയിരിക്കുന്ന മുദ്രവാക്യം ഒരു വിഭാഗത്തിന്റെ മാത്രം വളർച്ച ലക്ഷ്യമാക്കിയിട്ടുളളതല്ലെന്നും അമേരിക്കയിലെ മുഴുവൻ ജനതയുടെയും വികാരം ഉൾകൊണ്ടിട്ടുളളതാണെന്നും അരവിന്ദ് കുമാർ പറഞ്ഞു.

കോർപറേറ്റ് വെൽഫെയർ മാത്രം ലക്ഷ്യം വച്ചുകൊണ്ട് ബുഷ് കുടുംബവും ക്ലിന്റൺ കുടുംബവും കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ഭരണ പരിഷ്കാരങ്ങളിൽ അടിസ്‌ഥാന മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഡോണാൾഡ് ട്രംപ് വിജയിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘാടകർ പറയുന്നു.

അഴിമതിയും ഭീകരാക്രമണവും അമേരിക്കൻ ജനതയെ ഭീതിയുടെ നിഴലിൽ നിർത്തിയിരിക്കുകയാണെന്നും അമേരിക്കൻ നികുതി ദായകർ നൽകുന്ന പണം മറ്റു രാജ്യങ്ങൾ കവർന്നെടുക്കുകയാണെന്നും ഇതിനൊരറുതി വരണമെങ്കിൽ ട്രംപ് അധികാരത്തിലെത്തണമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു.

ഇന്ത്യൻ സമൂഹം ട്രംപിന് നൽകുന്ന പിന്തുണ റാലിയിലൂടെ തെളിയുമെന്നും ഇതിനെല്ലാവരും സഹകരിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ