വാത്സിംഗ്ഹാമും പിന്നിട്ട് മാർ സ്രാമ്പിക്കലിന്റെ യുകെ സന്ദർശനം തുടരുന്നു
Saturday, October 1, 2016 8:08 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടനിലെ നിയുക്‌ത സീറോ മലബാർ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, മെത്രാഭിഷേകത്തിന് മുന്നൊരുക്കമായി യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയും തന്റെ അജഗണങ്ങളുമായി നേരിൽ കണ്ട് പ്രാർഥന സഹായം തേടിയും നടത്തുന്ന യുകെ സന്ദർശനം വിജയകരമായി തുടരുന്നു.

വ്യാഴാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്താംപ്ടൺ രൂപതകളിലും വാത്സിംഹാം തീർഥാടനകേന്ദ്രത്തിലും സന്ദർശനം പൂർത്തിയാക്കി. നോർവിച്ചിലെത്തിയ നിയുക്‌ത മെത്രാനെ ഫാ. ഫിലിപ്പ് പതമാക്കൽ, ഫാ. ടെറിൻ മുല്ലക്കര എന്നിവരും നിരവധി വിശവാസികളും ചേർന്നു സ്വീകരിച്ചു. തുടർന്ന് കത്തീഡ്രൽ ദേവാലയം സന്ദർശിച്ചശേഷം ഈസ്റ്റ് ആംഗ്ലിയ ബിഷപ് അലൻ ഹോപ്സുമായി മാർ സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിംഗ്ഹാം തീർഥാടനകേന്ദ്രത്തിൽ സന്ദർശനം നടത്തി. കേംബ്രിഡ്ജിൽ വൈകുന്നേരം ദിവ്യബലി അർപ്പിച്ച ശേഷം പീറ്റർബറോ, പാപ്വർത്ത്, ഹണ്ടിംഗ്ടൺ, കേംബ്രിഡ്ജ്, കിംഗ്സിലിൻ എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികളുമായി സംവദിക്കുവാനും പുതിയ ഇടയൻ സമയം കണ്ടെത്തി.

വെള്ളിയാഴ്ച സൗത്താംപ്ടൺ രൂപതയിലെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ സന്ദർശിച്ച് മാർ സ്രാമ്പിക്കൽ വിശ്വാസികളുമായി ആശയവിനിമയം നടത്തി. സൗത്താംപ്ടണിൽ മോൺ. വിൻസെന്റ് ഹാർവി, ഫാ. രാജേഷ് ഏബ്രാഹം ആനത്തിൽ, ഫാ. ടോമി ചിറയ്ക്കൽ മണവാളൻ, ഫാ. അനീഷ് മണിവേലിൽ എന്നിവരും പോർട്സ്മൗത്ത്, സൗത്താംപ്ടൺ, അൻഡോവർ, ബേസിംഗ് സ്റ്റോക് എന്നിവിടങ്ങളിലെ വിശ്വാസികളും ചേർന്ന് തങ്ങളുടെ നിയുക്‌ത ഇടയന് സ്വീകരണം നൽകി.

ഇന്ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ക്നാനായ തിരുനാളിലും കൺവൻഷനിലും സാൽഫോറഡ് രൂപതയുടെ ചാപ്ലൈൻസി ഡേയിലും മാർ സ്രാമ്പിക്കൽ പങ്കുചേരും. മെത്രാഭിഷേകദിനം അടുത്തതോടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രതലത്തിലും ഓരോ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. മെത്രാഭിഷേകത്തിന് വേദിയാകുന്ന പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയും ജോ. കണവീനർ ഫാ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.