അഭയാർഥി കണക്ക് തിരുത്തി ജർമനി; എത്തിയത് 8,90,000 പേർ
Saturday, October 1, 2016 8:09 AM IST
ബർലിൻ: സർക്കാരും കുടിയേറ്റ വിരുദ്ധരും ഒരുപോലെ പ്രചരിപ്പിച്ചിരുന്ന അഭയാർഥി കണക്കുകൾ തെറ്റെന്നു തെളിയുന്നു. കഴിഞ്ഞ വർഷം ജർമനിയിൽ 11 ലക്ഷം അഭയാർഥികളെത്തിയെന്നായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാൽ, ഇത് യഥാർഥത്തിൽ 8,90,000 ആണെന്ന് ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്സ്യർ തന്നെയാണ് ഇപ്പോൾ വ്യക്‌തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ആഭ്യന്തര മന്ത്രാലയമാണ് 11 ലക്ഷം എന്ന കണക്ക് പുറത്തുവിട്ടത്. ഇതിൽ ഒന്നിലേറെ തവണ രജിസ്റ്റർ ചെയ്തവരും മറ്റു രാജ്യങ്ങളിലേക്ക് ഇതിനകം പോയിക്കഴിഞ്ഞവരുമെല്ലാം ഉണ്ടാകാമെന്ന് അന്നു തന്നെ മുന്നറിയിപ്പും നൽകിയിരുന്നു.

അതേസയമം യഥാർഥ എണ്ണം ആറു ലക്ഷം മാത്രമാണെന്ന് ജർമൻ മാധ്യമങ്ങൾ മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം ഊഹാപോഹങ്ങൾക്കെല്ലാമാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ