മിനസോട്ട മലയാളികൾ ഓണം ആഘോഷിച്ചു
Sunday, October 2, 2016 3:16 AM IST
മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷൻ (എംഎംഎ) ഓണം ആഘോഷിച്ചു. രമേശ് കൃഷ്ണനും മനോജ് പ്രഭുവും തയാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾ ആരംഭിച്ചു. മിനസോട്ടയിലെ ആദ്യകാല കുടിയേറ്റക്കാരായ കുര്യനും പെണ്ണമ്മ ചെറുച്ചേരിലും ചേർന്നു ഓണാഘോഷം നിലവിളക്കു തെളിയിച്ചു ഉദ്ഘാടനം ചെയ്തു.

തുടർന്നു വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയ സാംസ്കാരിക പരിപാടികൾ നടന്നു. അശ്വതി മുട്ടേൾരിലും സംഘവും അവതരിപ്പിച്ച ഓണക്കാഴ്ചകൾ എന്ന കലാപരിപാടി ഓണസമൃദ്ധിയിലേക്ക് കാണികളെ കൊണ്ടുപോയി. കുട്ടികളും മുതിർന്നവരും ചേർന്നു വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പൂക്കള മത്സരത്തിൽ കമലാ നായർ ഒന്നാം സ്‌ഥാനം നേടി. പായസ മത്സരത്തിൽ സുമാ നായർ, ലതാ നായർ, സിന്ധു നായർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ നേടി.



മിനസോട്ട മലയാളി അസോസിയേഷൻ പ്രസിഡന്റ് സനൽ പരമേശ്വരൻ സ്വാഗതവും, സെക്രട്ടറി സുബാഷ് തോമസ് നന്ദിയും പറഞ്ഞു. സോനാ നായർ, അരുൺ പുരുഷോത്തമൻ, കമലാ നായർ എന്നിവരായിരുന്നു അവതാരകർ. ആഘോഷപരിപാടികളുടെ വീഡിയോ കാണുക: https://www.youtube.com/watch?v=FZ9LzaX06g

റിപ്പോർട്ട്: സുരേഷ് നായർ