ആൽബനി യാക്കോബായ സുറിയാനി പള്ളിയിൽ തിരുനാൾ ആഘോഷിച്ചു
Sunday, October 2, 2016 3:17 AM IST
ആൽബനി: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ രണ്ടാം വാർഷികവും, വി. ദൈവ മാതാവിന്റെ ജനന പെരുന്നാളും ഭക്‌ത്യാദരപൂർവ്വം കൊണ്ടാടി. സെപ്റ്റംബർ 16–നു വൈകിട്ട് ആറിനു സെന്റ് ജോൺസ് ചാപ്പലിൽ (303 Sandcreek Road, Albany) ഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർത്തീസ് തിരുമേനിയെ പള്ളിയിലേക്ക് എതിരേറ്റു. തുടർന്ന് സന്ധ്യാപ്രാർത്ഥനയും, ധ്യാന പ്രസംഗവും നടന്നു. ഈവർഷത്തെ ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകിയത് സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകൻ റവ.ഫാ. എ.പി. ജോർജ് ആയിരുന്നു.

സെപ്റ്റംബർ 17–നു സെന്റ് പീറ്റേഴ്സ് അർമേനിയൻ ചർച്ചിൽ വി. ആരാധനയും, തുടർന്ന് റാസയും നേർച്ച വിളമ്പും നടത്തപ്പെട്ടു. വി. ആരാധനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത യൽദോ മാർ തീത്തോസ് നേതൃത്വം നൽകി. വെരി റവ. ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ, വികാരി റവ.ഫാ. ജോസഫ് വർഗീസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ആൽബനിയിൽ നിന്നും സമീപ സ്‌ഥലങ്ങളിൽ നിന്നും നൂറുകണക്കിനു വിശ്വാസികൾ പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം