ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഗുരുദേവ ജയന്തി ആചരിച്ചു
Monday, October 3, 2016 2:52 AM IST
ന്യൂയോർക്ക്: ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (എസ്എൻഎ ഓഫ് എൻഎ) 162–മതു ഗുരുദേവ ജയന്തി ആഘോഷം (ചതയദിനം) അതിവിപുലമായ ചടങ്ങുകളോടെ ക്യൂൻസ് ഹൈസ്കൂൾ ഓഫ് ടീച്ചിംഗ് അങ്കണത്തിൽ വച്ചു സെപ്റ്റംബർ 17–നു ശനിയാഴ്ച ആഘോഷിച്ചു.

വിഭവസമൃദ്ധമായ സദ്യയെ തുടർന്നു കേരളത്തനിമയോടുകൂടി വസ്ത്രങ്ങളണിഞ്ഞ്, താലപ്പൊലിയും, ചെണ്ടമേളവും, മുത്തുക്കുടയുമായി മാവേലി മന്നനെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. തുടർന്ന് ചേർന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി കൗൺസിൽ മെമ്പർ ബാരി എസ് ഗ്രോഡൻചിക്കും, വെസ്റ്റ് ഹെംപ്സ്റ്റഡ് കൗൺസിൽ മെമ്പർ ആഞ്ജലി ഫെറാറോയും സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.



ഡോ. ചന്ദ്രോത്ത് പുരുഷോത്തമൻ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് സുധൻ പാലയ്ക്കൽ സ്വാഗത പ്രസംഗം നടത്തി. ചെയർമാൻ സഹൃദയൻ പണിക്കർ ചതയദിന സന്ദേശവും, സെക്രട്ടറി സുനിൽകുമാർ കൃഷ്ണൻ ഗുരുദേവ ദർശനങ്ങളുടെ പ്രസക്‌തിയെപ്പറ്റിയും സംസാരിച്ചു.

തുടർന്നു വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറി. തിരുവാതിര, ചാക്യാർകൂത്ത്, നാടകം, നൃത്തം എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ബിജു ഗോപാൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം