ട്രാസ്ക് ഓണം ആഘോഷിച്ചു
Monday, October 3, 2016 4:48 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ 23ന് അബാസിയയിൽ നടന്ന ആഘോഷ പരിപാടികൾ പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുകാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ആക്ടിംഗ് ജനറൽ സെക്രട്ടറി ബിജു കടവി, ആർട്സ് കൺവീനർ രാജേഷ് കല്ലായിൽ, ട്രഷറർ ഹരി കുളങ്ങര, വനിതാവേദി ജനറൽ കൺവീനർ അംബിക മുകുന്ദൻ, കളിക്കളം കോഓർഡിനേറ്റർ മാസ്റ്റർ റൊണാൾഡ് ഫ്രാങ്ക് എന്നിവർ പ്രസംഗിച്ചു.

രാവിലെ 10ന് ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ പൂക്കള മത്സരം, പായസ മത്സരം, അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, കുവൈത്തിലെ പ്രമുഖ കലാകാരൻമാർ അവതരിപ്പിച്ച സ്റ്റേജ് ഷോ എന്നിവ അരങ്ങേറി.

ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷന്റെ സോഷ്യൽ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ ഷെൽറ്ററിൽ താമസിക്കുന്ന നൂറോളം പേർക്ക് ഓണസദ്യ നൽകിയ നടപടിയെ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ അഭിനന്ദിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ