കുടുംബങ്ങൾ വിശുദ്ധിയുടെ വിളനിലങ്ങൾ ആകണം: മാർ സ്രാമ്പിക്കൽ
Monday, October 3, 2016 4:51 AM IST
മാഞ്ചസ്റ്റർ: കുടുംബങ്ങൾ വിശുദ്ധിയുടെ വിളനിലങ്ങൾ ആയി തീരണമെന്നും യുവജനങ്ങളിലാണ് സഭയുടെ പ്രതീക്ഷയെന്നും ഗ്രേറ്റ് ബ്രിട്ടൻ രൂപത നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ. മാഞ്ചസ്റ്ററിൽ സീറോ മലബാർ സമൂഹം സംഘടിപ്പിച്ച സൺഡേ സ്കൂൾ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

റവ. ഡോ. ലോനപ്പൻ അരങ്ങാശേരി, ലിവർപൂൾ സീറോ മലബാർ ചാപ്ലിൻ ഫാ.ജിനോ അരീക്കാട്ട്, സൺഡേ സ്കൂൾ പ്രധാനധ്യാപിക ബോബി ആലഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ മുഴുവൻ ആളുകളോടും സംസാരിച്ചും പ്രാർഥന സഹായം ആവശ്യപ്പെടുകയും ചെയ്ത മാർ സ്രാമ്പിക്കൽ അടുത്ത ഞാറാഴ്ച പ്രസ്റ്റണിൽ നടക്കുന്ന മെത്രാഭിഷേകത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. തുടർന്ന് ലിവർപൂൾ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.

രാവിലെ വിഥിൻഷോ സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന പിതാവിനെ മാഞ്ചസ്റ്റർ മലയാളികളുടെ ആത്മീയ ഇടയൻ റവ. ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ ഇടവകജനം സ്വീകരണം നൽകി.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ