സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു
Monday, October 3, 2016 4:52 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ പൊതുസ്‌ഥലങ്ങളിൽ ഇനിമുതൽ ബുർഖ ധരിക്കുന്നതിന് നിരോധനം. സ്വിസ് പാർലമെന്റിൽ നടന്ന ചൂടേറിയ ചർച്ചകൾക്കൊടുവിലാണ് ബുർഖ നിരോധനത്തെ അനുകൂലിക്കുന്ന നിയമം നേരിയ ഭൂരിപക്ഷത്തിന് പാസായത്.

പാർലമെന്റിന്റെ അധോ സഭയിൽ വലതുപക്ഷ പാർട്ടിയായ എസ്വിപി കൊണ്ടുവന്ന ബില്ല് 87 നെതിരെ 88 വോട്ടോടെ പാസായത്. പാർലമെന്റിലെ രാഷ്ര്‌ടീയ കാര്യ സമിതിയിൽ അവതരിപ്പിച്ച ശേഷമാണ് പ്രമേയം ചർച്ചക്കെടുത്തത്. രാഷ്ര്‌ടീയകാര്യ സമിതിയിൽ ഒന്നിനെതിരെ രണ്ടു വോട്ടോടെയാണ് ഇത് പാസായത്. മതപരമായ ആചാരത്തിന്റെ ഭാഗമായാണ് ബുർഖ ധരിക്കുന്നതെങ്കിലും ഇത് വൻ പ്രശ്നങ്ങളാണ് സമൂഹത്തിൽ വിളിച്ചുവരുത്തുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

പർദ്ദ ധരിച്ചെത്തുന്നത് ആയുധം എന്തിയ വ്യക്‌തിയാണോ, സുഹൃത്തുക്കളാണോ, തീവ്രവാദികളാണോ എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. എന്തായിരുന്നാലും നമ്മുടെ സംസ്കാരമനുസരിച്ച് മുഖം മറയ്ക്കുവാൻ പാടില്ല.

അതേസമയം സ്വിറ്റ്സർലൻഡിലെ മറ്റൊരു സംസ്‌ഥാനമായ ടിസിംനായിൽ ജൂലൈ ഒന്നു മുതൽ ബുർഖയും നിക്കാബും ധരിക്കുന്നത് നിരോധിച്ചിരുന്നു. ഇതു സംബന്ധിച്ചു നടന്ന അഭിപ്രായ സർവേകളിൽ 60 ശതമാനം സ്വിറ്റ്സർലൻഡുകാരും ബുർഖ നിരോധനത്തെ അംഗീകരിക്കുന്നതായി പ്രമുഖ ദിനപത്രം വ്യക്‌തമാക്കുന്നു.

സ്വിറ്റ്സർലൻഡിലെ ഒരു കന്റോണായ ടിസിനോ ജൂലൈ ഒന്നുമുതൽ ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിച്ചു കൊണ്ട് നിയമം പാസാക്കിയിരുന്നു. ഇതു ലംഘിച്ചാൽ നൂറു മുതൽ 10,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ഈടാക്കുന്നതുമാണ്.

2014 ൽ വലതുപക്ഷ പാർട്ടി തുടങ്ങിവച്ച നടപടികളാണ് ഇപ്പോൾ ഫലം കണ്ടു തുടങ്ങുന്നത്. കുടിയേറ്റ വിരുദ്ധ നേതാവ് വാൾട്ടർ വോബ്മാൻ, ക്രമസമാധാന പാലനത്തിനും സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തുന്നതിനുമായി ബുർഖ നിരോധനം നടപ്പിൽ വന്നേ മതിയാകൂ എന്ന് വ്യക്‌തമാക്കി. 2017 സെപ്റ്റംബർ 15നു നടക്കുന്ന റഫണ്ടത്തിൽ ഒരുലക്ഷം വോട്ട് ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ