പാരാലിമ്പിക് മെഡൽ ജേതാക്കൾക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ആജീവനാന്ത ആരോഗ്യസേവനം
Monday, October 3, 2016 8:12 AM IST
മുംബെ: റിയോയിൽ സമാപിച്ച പാരാലിമ്പിക്സ് മത്സരത്തിൽ മെഡൽ ജേതാ ക്കൾക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ആജീവനാന്ത ആരോഗ്യസേവനം ലഭ്യമാക്കും. ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി (സിഎസ്ആർ) യുടെ ഭാഗമായാണിത് നടപ്പാക്കുക.

മെഡൽ ജേതാക്കളായ ദേവേന്ദ്ര ഝഗേരിയ, മാരിയപ്പൻ തങ്ക വേലു, വരുൺ സിംഗ് ഭാട്ടി, ദീപമാലിക്ക് എന്നിവരെ അഭിനന്ദിക്കുന്നതിനായി മുംബെയിൽ ചേർന്ന യോഗത്തിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ സ്‌ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. മൂപ്പൻ, സച്ചിൻ ടെൻഡുൽക്കർക്കും മറ്റുള്ളവർക്കുമൊപ്പം വിജയികൾക്ക് സാമ്പത്തിക സഹായം നല്കി.

റിയോയിലെ പാരാലിമ്പിക് മെഡൽ ജേതാക്കൾക്ക് ആസ്റ്റർ ജീവിതകാലം നീണ്ടു നിൽക്കുന്ന വൈദ്യസേവനം നൽകണമെന്ന് സച്ചിൻ ടെൻഡുൽക്കറിന്റെ നിർദ്ദേശത്തെ ആസാദ് മൂപ്പൻ പൂർണ മനസോടെ സ്വീകരിക്കുകയായിരുന്നു. മെഡൽ ജേതാക്കളുമായി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നൊരു ബന്ധം സ്‌ഥാപിക്കുന്നതിനുള്ള അവസരം ലഭ്യമായത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

പദ്ധതി അനുസരിച്ച് കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, കോലാപ്പൂർ, കോഴിക്കോട്, കോട്ടയ്ക്കൽ, വയനാട് എന്നിവിടങ്ങളിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആശുപത്രികളിലാണ് മെഡൽ ജേതാക്കൾക്ക് മെഡിക്കൽ സൗകര്യം ലഭ്യമാക്കുക.