ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റ് ഗാന്ധി ജയന്തി ആചരിച്ചു
Monday, October 3, 2016 8:18 AM IST
ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റ് പ്രവാസി ഇന്ത്യക്കാരോടൊപ്പം ന്യൂയോർക്ക് യൂണിയൻ സ്ക്വയർ പാർക്കിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർചന നടത്തി ഗാന്ധി ജയന്തി ആഘോഷിച്ചു.

ഇന്ത്യൻ കോൺസൽ ജനറൽ റിവ ഗാംഗുലി ദാസ്, ഡെപ്യൂട്ടി കോൺസൽ ജനറൽ ഡോ. മനോജ് മോഹപത്ര, നിരവധി കമ്യൂണിറ്റി നേതാക്കളടക്കം നിരവധി ആളുകൾ പുഷ്പാർച്ചനയിൽ പങ്കടുത്തു.

ഗാന്ധിജിയോടുള്ള ബഹുമാനാർഥം രഘുപതി രാഘവ രാജാറാം ആലാപനം ചെയ്തത് ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവമായി. ഗാന്ധിജിയിയുടെ അക്രമരാഹിത്യസമരമുറയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അടിമത്തത്തിനെതിരെ സമാധാനത്തിന്റെ വഴി സ്വീകരിച്ച മാർട്ടിൻ ലൂതർ കിങ്ങിന്റെ സാന്നിധ്യത്തിൽ ആലപിച്ച ‘വി ഷാൾ ലിവ് ഇൻ പീസ്..’ വേറിട്ട ഒരനുഭവമായി.

പുഷ്പാർച്ചനക്കുശേഷം കോൺസുലേറ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവാസി ഭാരതീയ കേന്ദ്രം ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു അഭിസംബോധന ചെയ്യുന്ന തത്സമയ വീഡിയോ സംപ്രേക്ഷണം കണ്ടു. ജനുവരിയിൽ ബംഗളൂരുവിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം