സീറോ മലബാർ കത്തീഡ്രലിൽ സംയുക്‌ത തിരുനാൾ ആഘോഷം
Tuesday, October 4, 2016 12:52 AM IST
ഷിക്കാഗോ: വി. കൊച്ചുത്രേസ്യയുടേയും, മിഷണറി സംഘടനകളുടെ മധ്യസ്‌ഥനായ വി. വിൻസെന്റ് ഡി പോളിന്റേയും തിരുനാൾ സംയുക്‌തമായി ഒക്ടോബർ രണ്ടാം തീയതി സീറോ മലബാർ കത്തീഡ്രലിൽ ആഘോഷിച്ചു.

റവ.ഫാ. പോൾ ചൂരത്തൊട്ടിയിലിനോടൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. ജയിംസ് ജോസഫ് എന്നിവരും പങ്കുചേർന്നു. കരുണയുടെ ഈവർഷത്തിൽ പാവങ്ങളോടും, അവശരോടും കാരുണ്യം കാണിച്ച വിൻസെന്റ് ഡി. പോളിന്റെ മാതൃക ഏറ്റവും പ്രസക്‌തമാണെന്നു പോളച്ചൻ പറഞ്ഞു. ആധ്യാത്മിക ശിഷ്യത്വമാണ് ദൈവീക നന്മകൾ സ്വായത്തമാക്കാനുള്ള കുറുക്കുവഴി എന്നു പ്രഘോഷിച്ച വി. കൊച്ചുത്രേസ്യയുടെ വഴി പിന്തുടർന്ന് ലളിതമായ പ്രാർത്ഥനാജീവിതം നയിക്കുവാനും അച്ചൻ ഏവരേയും ഉത്ബോധിപ്പിച്ചു.



ആഘോഷമായ പ്രാർത്ഥനകൾക്കും, പ്രദക്ഷിണത്തിനുംശേഷം പ്രത്യേകം തയാറാക്കിയ ഉച്ചഭക്ഷണവുമുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കായുള്ള ഇംഗ്ലീഷ് ദിവ്യബലിയിൽ വി. കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിച്ചു. കുട്ടികൾക്കായി ജീവചരിത്ര ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഇടവകയിലെ കുടുംബങ്ങളാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം