വീണാ ജോർജ് എംഎൽഎയ്ക്ക് മാധ്യമശ്രീ അവാർഡ്
Tuesday, October 4, 2016 12:53 AM IST
ഷിക്കാഗോ: അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഐക്യവേദിയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നല്കുന്ന മാധ്യമശ്രീ അവാർഡിന് പ്രമുഖ മാധ്യമ പ്രവർത്തകയും ആറന്മുള എംഎൽഎയുമായ വീണ ജോർജിനെ തെരഞ്ഞെടുത്തു.

ഒരു ലക്ഷം രൂപ, ശില്പം, അമേരിക്കൻ പര്യടനം എന്നിവ അടങ്ങിയതാണു അവാർഡ്. മാധ്യമ പ്രവർത്തകർക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ അവാർഡാണിത്. നവംബർ 19 നു ഹൂസ്റ്റണിൽ ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ കമ്മറ്റിയും ഹൂസ്റ്റൺ ചാപ്റ്ററും ഒരുമിച്ച് ആതിഥ്യമരുളുന്ന ചടങ്ങിൽ വീണ ജോർജിനെ ആദരിക്കും.

മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ബാബു പോൾ ചെയർമാനായി കൈരളി ടി.വി. മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ്, ദേശാഭിമാനിയുടെ സ്റ്റേറ്റ് പൊളിറ്റിക്കൽ കറസ്പോണ്ടന്റ് എൻ.ആർ.എസ്. ബാബു, അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ജോർജ് ജോസഫ് തുടങ്ങിയവർ ഉൾപ്പെടുന്ന ജഡ്ജിങ് കമ്മറ്റിയാണ് വീണ ജോർജിനെ തെരഞ്ഞെടുത്തത്.

എംഎൽഎ ആകുന്നതിന് മുൻപുള്ള മാധ്യമ ജീവിതത്തിനിടയിൽ മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള കേരള സർക്കാരിന്റെ അവാർഡ് രണ്ടു തവണ ഉൾപ്പെടെ മുപ്പതിലധികം പുരസ്കാരങ്ങൾ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി വീണയെ തേടിയെത്തിയിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ മഹിളാരത്ന അവാർഡ്, യുവജനക്ഷേമ വകുപ്പിന്റെ വിവേകാനന്ദ പുരസ്കാരം, പി. ഭാസ്കരൻ പുരസ്കാരം, ലോഹിതദാസ് അവാർഡ്, സി.എച്ച് മുഹമ്മദ് കോയ അവാർഡ്, സുരേന്ദ്രൻ നീലേശ്വരം അവാർഡ്, ഏഷ്യ വിഷൻ അവാർഡ്, ചട്ടമ്പിസ്വാമി പുരസ്കാരം, ഫോമാ അവാർഡ് തുടങ്ങിയവ അവയിൽ ചിലതുമാത്രം. 2012 അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽനിന്ന് പോയ അഞ്ചു മാധ്യമ പ്രവർത്തകരിൽ ഒരാളുമായിരുന്നു വീണ.

അമേരിക്കയിൽ മാധ്യമരംഗത്ത് സജീവമായിട്ടുള്ളവരുടെ ഏക സംഘടനയായ പ്രസ് ക്ലബ് 2010 ലാണ് ആദ്യമായി അവാർഡ് ഏർപ്പെടുത്തുന്നത്. ഇതിനോടകം എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി), ഡി. വിജയമോഹൻ (മനോരമ), ജോണി ലൂക്കോസ് (മനോരമ ടിവി), എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ് ന്യൂസ്), ടി.എൻ. ഗോപകുമാർ (ഏഷ്യാനെറ്റ് ടിവി) തുടങ്ങിയവർക്ക് മാധ്യമശ്രീ അവാർഡും ജോൺ ബ്രിട്ടാസിനു മാധ്യമരത്ന അവാർഡും നല്കി.

വീണ ജോർജിനെ ആദരിക്കുന്ന നവംബർ 19 –നു നടക്കുന്ന ചടങ്ങ് വിജയിപ്പിക്കുവാൻ ഇന്ത്യ പ്രസ് ക്ലബിന്റെ നാഷണൽ കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ശിവൻ മുഹമ്മ, ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട്, ട്രഷറർ ജോസ് കാടപുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഉപദേശക സമിതി ചെയർമാൻ ടാജ് മാത്യു, ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാൻ, ജോയിന്റ് ട്രഷറർ സുനിൽ തൈമറ്റം, പ്രസി. ഇലക്റ്റ് മധു കൊട്ടാരക്കര, ജിമോൻ ജോർജ്, ജെയിംസ് വർഗീസ്, പ്രസ്ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് അനിൽ ആറന്മുള തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: ശിവൻ മുഹമ്മ (630–363–0436), ഡോ. ജോർജ് കാക്കനാട്ട് (281–723–8520), അനിൽ ആറന്മുള (713–882–7272), ജോയി തുമ്പമൺ (832–971–3761), ജോയ്സ് തോന്ന്യാമല (903–461–3953). പ്രസ് ക്ലബ്ബിനെക്കുറിച്ച് കൂടുതൽ അറിയുവാൻ സന്ദർശിക്കുക www.indiapressclub.org