യുക്മ നാഷണൽ കലാമേള: സ്പോൺസർമാർക്കും കാറ്ററിംഗ് ടെൻഡറുകൾക്കും അവസരം ഒക്ടോബർ 15 വരെ
Tuesday, October 4, 2016 4:43 AM IST
ലണ്ടൻ: കവൻട്രിയിൽ നവംബർ അഞ്ചിന് നടക്കുന്ന ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കെ രാജ്യത്താകമാനമുള്ള യുക്മയിൽ അംഗത്വമുള്ള അസോസിയേഷനുകളിലെ കലാകാരന്മാരും കലാകാരികളും തയാറെടുപ്പുകൾ തുടരുകയാണ്.

യുക്മ ദേശീയ കമ്മിറ്റി നാഷണൽ കലാമേളയിലേക്ക് പരസ്യദാതാക്കളെയും കാറ്ററിംഗിനുള്ള ടെൻഡറുകളും ക്ഷണിച്ചു. വിവിധ വേദികൾ സ്പോൺസർ ചെയ്യുന്നതിനും പരസ്യ സ്റ്റാളുകൾ ഇടുന്നതിനും കലാമേള നഗറിൽ ബാനറുകൾ സ്‌ഥാപിക്കുന്നതിനും സ്പോൺസർ ചെയ്യുന്നവർക്ക് അവസരം ഉണ്ടായിരിക്കും. കലാമേള നഗറിൽ ഭക്ഷണശാലകൾ ക്രമീകരിക്കുവാൻ താല്പര്യമുള്ളവർക്കും ടെൻഡറുകൾ സമർപ്പിക്കാവുന്നതാണ്. പുറത്തു കാറ്ററിംഗ് നടത്തുന്നതിനും ഭക്ഷണം പാകം ചെയ്തു വിൽക്കുന്നതിനും ആവശ്യമായ ലൈസൻസുകൾ ഉള്ള കാറ്ററിംഗ് പാർട്ടികൾ മാത്രം ടെൻഡറിൽ പങ്കെടുത്താൽ മതിയാകും. പ്രഭാത ഭക്ഷണം മുതൽ രാത്രി ഭക്ഷണം വരെ തുടർച്ചയായി നൽകുവാൻ തയാറുള്ളവർ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

സ്പോൺസർഷിപ്പിനുള്ള അപേക്ഷകളും കാറ്ററിംഗിനുള്ള ടെൻഡറുകളും ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 (ശനി) ആണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അപേക്ഷകൾ അയയ്ക്കേണ്ടത്.

വിവരങ്ങൾക്ക്: ഫ്രാൻസിസ് മാത്യു (പ്രസിഡന്റ്) 07793452184, സജീഷ് ടോം (ജനറൽ സെക്രട്ടറി) 07706913887, മാമ്മൻ ഫിലിപ്പ് (കലാമേള ജനറൽ കൺവീനർ) 07885467034.