മാർ സ്രാമ്പിക്കലിന്റെ യുകെ പര്യടനം അവസാനഘട്ടത്തിലേക്ക്
Tuesday, October 4, 2016 4:58 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്റെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാഭിഷേകത്തിനു മുന്നോടിയായി നടത്തിവരുന്ന യുകെ പര്യടനം അവസാനഘട്ടത്തിലേയ്ക്ക് കടക്കുന്നു.

ഷ്രൂസ്ബറി രൂപതയിൽ റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിലും ലിവർപൂൾ അതിരൂപതയിൽ ഫാ. ജിനോ അരിക്കാട്ടിന്റെ നേതൃത്വത്തിലും വിശ്വാസികൾ മാർ സ്രാമ്പിക്കലിനെ വരവേറ്റു. ലിവർപൂൾ മുൻ രൂപതാധ്യക്ഷൻ വിൻസെന്റ് മലോണും ഇപ്പോഴത്തെ രൂപതാധ്യക്ഷൻ മാൽക്കം മക്മഹോനും നിയുക്‌ത മെത്രാന് എല്ലാവിധ പ്രാർഥനാശംസകൾ നേർന്നു. വിഷ്‌ടൺ, ഫസർക്കലി, ലിവർപൂൾ, വാറിംഗ്ടൺ, വിഗൺ, സൗത്ത് പോർട്ട്, സൊഹെലൻസ് എന്നീ കൂട്ടായ്മകളിലും മാർ സ്രാമ്പിക്കൽ സന്ദർശനം നടത്തി.

ഇന്നലെ ബ്രിസ്റ്റോൾ, ക്ലിഫ്ടൺ എന്നീ സ്‌ഥലങ്ങളിലെ വിശ്വാസികളെ നിയുക്‌ത മെത്രാൻ സന്ദർശിച്ചു. ഫാ. പോൾ വെട്ടിക്കാട്ടും ഫാ. ഗ്രിഗറി ഗ്രാന്റും പുതിയ ഇടയനെ സ്വീകരിച്ചു. തുടർന്ന് ബാത്തിലെ കൂട്ടായ്മ സന്ദർശിച്ചശേഷം ഫാ. ജെറമി റിഡ്ഗൺ മാർ സ്രാമ്പിക്കലുമായി ആശയവിനിമയം നടത്തി. ടോണ്ടൻ സീറോ മലബാർ കമ്യൂണിറ്റിയിലും ഗ്ലോസ്റ്റർ കമ്യൂണിറ്റിയിലും സന്ദർശനം നടത്തിയ മാർ സ്രാമ്പിക്കൽ, വെസ്റ്റൺ സൂപ്പർമേർ കൂട്ടായ്മയിലും സന്ദർശനം നടത്തി. ഇന്നു നടത്തുന്ന വെയിൽ സന്ദർശനത്തോടെ പ്രാഥമിക സന്ദർശന പരിപാടി മാർ സ്രാമ്പിക്കൽ പൂർത്തിയാക്കും.

തികച്ചും അനൗപചാരികമായ സന്ദർശനമായിരുന്നുവെങ്കിലും എല്ലായിടത്തും ആവേശം നിറഞ്ഞ സ്വീകരണങ്ങളാണ് പുതിയ ഇടയനെ കാത്തിരുന്നത്.

അതേസമയം മെത്രാഭിഷേകത്തിന്റെ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. എൻട്രി പാസുകളെല്ലാം എല്ലാ വിശുദ്ധ കുർബാനകേന്ദ്രങ്ങളിലും എത്തിച്ചുകഴിഞ്ഞു.

ഒക്ടോബർ ഒമ്പതിനു നടക്കുന്ന മെത്രാഭിഷേകത്തിൽ പങ്കുചേരാനായി നാട്ടിൽനിന്നുള്ള മെത്രാന്മാർ യുകെയിലേക്ക് അടുത്ത ദിവസങ്ങളിൽ എത്തിച്ചേരും. മെത്രാഭിഷേകത്തിന് മറ്റെല്ലാ ഒരുക്കത്തെക്കാളുപരിയായി എല്ലാവരുടെയും പ്രാർഥനസഹായം മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് അഭ്യർഥിച്ചു.