ഓണാഘോഷം: ജയനഗർ ക്ലബ് ചാമ്പ്യൻമാർ
Tuesday, October 4, 2016 7:25 AM IST
ബംഗളൂരു: വൈസ്മെൻ ഇന്റർനാഷണൽ ബംഗളൂരു ഡിസ്ട്രിക്ട് 1 ന്റെ ആഭിമുഖ്യത്തിൽ ധർമ്മാരാം ഡിവികെ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷമത്സരങ്ങളിൽ ജയനഗർ ക്ലബ് ചാമ്പ്യന്മാരായി. ഡിസ്ട്രിക്ടിലെ 14 ക്ലബുകൾക്കായി നടന്ന സ്കിറ്റ്, തിരുവാതിര എന്നീ ഗ്രൂപ്പിനങ്ങളിലും ഏറ്റവും മികച്ച നടൻ, ഏറ്റവും നല്ല മാവേലി എന്നീ വ്യക്‌തിഗത ഇനങ്ങളിലുമാണ് ഒന്നാം സ്‌ഥാനം നേടിയത്.

മുൻ ഡിസ്ട്രിക്ട് ഗവർണർ വൈസ്മെൻ ഡോ. പി.ജി സെബാസ്റ്റ്യൻ ഏറ്റവും മികച്ച നടനായും വൈസ്മെൻ വിനോദ് നായർ ഏറ്റവും നല്ല മാവേലിയായും വിജയിച്ചു. റിയ ജയിംസ് ഡ്രോയിംഗിൽ മൂന്നാം സ്‌ഥാനവും നേടി. വിജയികൾക്ക് മുഖ്യാതിഥി റവ. ഡോ. തോമസ് പാറയ്ക്കൽ സിഎംഐയും ഡിസ്ട്രിക്ട് ഗവർണർ വൈസ്മെൻസ് കെ. ജെ. ജോർജും കാഷ് അവാർഡും ട്രോഫിയും നല്കി.