ജർമൻ പുന:രേകീകരാഘോഷം: മെർക്കലിനെ ജനക്കൂട്ടം ഗെറ്റൗട്ട് അടിച്ചു
Tuesday, October 4, 2016 7:58 AM IST
ബർലിൻ: ജർമനിയുടെ ഇരുപത്തിയാറാം പുന:രേകീകരണ വാർഷികാഘോഷത്തിനു തിങ്കളാഴ്ച ഡ്രെസ്ഡെനിലെത്തിയ ചാൻസലർ ആംഗല മെർക്കലിനെ കാത്തിരുന്നത് ജനക്കൂട്ടത്തിന്റെ ഗെറ്റൗട്ട് വിളി.

ജർമൻ പുന:രേകീകരണത്തിന്റെ വാർഷികാഘോഷം രാജ്യത്തെ നിരവധി നഗരങ്ങളിൽ നടന്നുവെങ്കിലും പ്രധാന ആഘോഷ പരിപാടികൾ നടന്നത് ഡ്രെസ്ഡണിലായിരുന്നു.

ചാൻസലർ ആംഗല മെർക്കൽ, പ്രസിഡന്റ് ജോവാഹിം ഗൗക്ക്, പാർലമെന്റ് സ്പീക്കർ നോമെർട്ട് ലാമെർട്ട് തുടങ്ങിയ പ്രമുഖരാണ് ഇവിടുത്തെ പരിപാടിയിൽ പങ്കെടുത്തത്.

ലോകം ഇന്നഭിമുഖീകരിക്കുന്ന പ്രത്യേകിച്ച് യൂറോപ്പ് അഭയാർഥി പ്രശ്നത്തിൽ ജർമനി ആവുന്നതെല്ലാം ചെയ്യുമെന്ന് ചാൻസലർ മെർക്കൽ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു .ജർമനിയുടെ പുന:രേകീകരണം നടന്നിട്ട് കാൽനൂറ്റാണ്ടു തികഞ്ഞിട്ടും അഭ്യർഥനയുമായി എത്തുന്നവരെ ജർമനി കൈവിടില്ലെന്നും അവർ പറഞ്ഞു. ഏതാണ്ട് ഒരു മില്യനിലധികം അഭയാർഥികൾ രാജ്യത്ത് എത്തിയിരുന്നെങ്കിലും ഇപ്പോൾ എട്ടു ലക്ഷത്തോളമേ രാജ്യത്തു തങ്ങിയിട്ടുള്ളുവെന്നും അവർ വ്യക്‌തമാക്കി.

കുടിയേറ്റ വിരുദ്ധ സംഘടനയായ പെഗിഡയുടെ ശക്‌തി കേന്ദ്രമാണ് ഡ്രെസ്ഡൻ. ഇവർ തന്നെയാണ് മെർക്കൽ വിരുദ്ധ മുദ്രാവാക്യങ്ങൾക്കു പിന്നിലെന്നു കരുതപ്പെടുന്നു.

വികലമായ കുടിയേറ്റ – അഭയാർഥിത്വ നയം നടപ്പാക്കിയ മെർക്കൽ രാജിവയ്ക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. എന്നാൽ, ഇത് പുനരേകീകരണ വാർഷികത്തിൽ പ്രതിഫലിച്ചത് അപ്രതീക്ഷിതമായി. 26 വർഷമായി ഡ്രെസ്ഡനിലാണ് പുനരേകീകരണ വാർഷികത്തിന്റെ പ്രധാന പരിപാടികൾ നടക്കുന്നത്.

പശ്ചിമ – പൂർവ ജർമനികളുടെ പുനരേകീകരണ ദിവസത്തിൽ രാജ്യം എങ്ങനെ ഒരിക്കൽക്കൂടി വിഭജിതമായിരിക്കുന്നു എന്നു കൂടി തെളിയിക്കുന്നതായി ഡ്രെസ്ഡനിലെ പരിപാടികൾ. ഭൂമിശാസ്ത്രപരമായ അതിരുകളല്ല, അഭയാർഥി പ്രശ്നത്തിൽ ജനങ്ങളുടെ മനസുകൾ തമ്മിൽ നിലനിൽക്കുന്ന അതിരുകളാണ് ഇവിടെ തെളിഞ്ഞു കാണാൻ സാധിച്ചതെന്നു മാത്രം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ