കല കുവൈത്ത് ഓണാഘോഷം നടത്തി
Tuesday, October 4, 2016 7:59 AM IST
കുവൈത്ത് സിറ്റി: ഒരുമയുടെയും സാഹോദര്യത്തിന്റേയും സന്ദേശങ്ങൾ പങ്കുവച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഓണം ആഘോഷിച്ചു.

കല കുവൈറ്റ് അബാസിയ സാൽമിയ മേഖലകളുടെ നേതൃത്വത്തിൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ ബഹറിൻ എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

കല കുവൈറ്റ് ഫഹാഹീൽ അബു ഹലീഫ മേഖലകളുടെ നേതൃത്വത്തിൽ ഫഹാഹീൽ ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസി ലേബർ വിഭാഗം അറ്റാഷെ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ നൗഷാദ്, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ പ്രസംഗിച്ചു.

വഫ്ര സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ, പ്രസിഡന്റ് സജീവ് ഏബ്രഹാം, കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക് എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾപ്പെടെ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് ഖൈത്താനിലും ഫഹാഹീലിലും ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. ചെണ്ടമേളവും വഞ്ചിപ്പാട്ടും തെയ്യവും പക്ഷിപ്പാട്ടും എല്ലാം ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

ഓണത്തോടനുബന്ധിച്ച് കല കുവൈറ്റ് പ്രവർത്തകർ ഒരുക്കിയ ഓണസദ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. 2500 ൽ അധികം ആളുകളാണ് മൂന്നിടങ്ങളിലുമായി ഓണസദ്യ അനുഭവിച്ചറിഞ്ഞത്.

ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. കുട്ടികൾക്കും മുതിർന്നവർക്കുമായി ഓണപ്പൂക്കളം, വടംവലി, തീറ്റമത്സരം, മിഠായി പെറുക്കൽ തുടങ്ങി വിവിധ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു.

അബാസിയ സാൽമിയ മേഖലയിൽ സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ സാൽമിയ യൂണിറ്റ് ഒന്നാം സ്‌ഥാനവും അബാസിയ ബി, അബാസിയ ഇ യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. യൂണിറ്റുകൾ തമ്മിൽ നടന്ന വടം വലി മത്സരത്തിൽ ഹസാവി യൂണിറ്റ് ഒന്നാം സ്‌ഥനവും സാൽമിയ യൂണിറ്റ് രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി.

ഫഹാഹീൽ അബു ഹലീഫ മേഖലയിൽ സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ വനിതാവേദി കുവൈറ്റ് ഒന്നാം സ്‌ഥാനവും ഫിന്റാസ് യൂണിറ്റ് രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. യൂണിറ്റുകൾ തമ്മിൽ നടന്ന വടംവലി മത്സരത്തിൽ അബു ഹലീഫ സെന്റർ യൂണിറ്റ് ഒന്നാം സ്‌ഥനവും ഷൊയിബ സെന്റർ യൂണിറ്റ് രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി.

ആഘോഷങ്ങൾക്ക് കല കുവൈത്ത് കേന്ദ്രകമ്മിറ്റി അംഗങ്ങളും നാല് മേഖല കമ്മിറ്റി അംഗങ്ങളും കല കുവൈറ്റ് പ്രവർത്തകരും നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ