മാർ മാത്യു മൂലക്കാട്ടിലിനും മാർ സ്റ്റീഫൻ ചെറപ്പണത്തിനും ഐസിസി വിയന്നയുടെ സ്വീകരണം നൽകി
Wednesday, October 5, 2016 5:51 AM IST
വിയന്ന: കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിലിനും സീറോ മലബാർ സഭയുടെ യൂറോപ്പിനുവേണ്ടിയുള്ള നിയുക്‌ത ബിഷപ്പും അപ്പോസ്തോലിക വിസിറ്റേറ്ററുമായ മാർ സ്റ്റീഫൻ ചെറപ്പണത്തിനും ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹം സ്വീകരണം നൽകി. ഐസിസിയുടെ ചാപ്ലിൻ റവ. ഡോ. തോമസ് താണ്ടപ്പിള്ളി, അസി. ചാപ്ലിൻ ഫാ. ജോയി പ്ലാത്തോട്ടത്തിൽ, കൺവീനർ തോമസ് പടിഞ്ഞാറേക്കാലയിൽ, സ്റ്റീഫൻ ചെവ്വൂക്കാരൻ എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.

തുടർന്ന് ഇരു പിതാക്കന്മാരുടെ നേതൃത്വത്തിൽ ഐസിസിയുടെ വൈദികരും സമൂഹവും ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. മോൺ. ജോജി വടകര ലൂക്ക, ഫാ. തോമസ് കൊച്ചുചിറ എന്നിവരും സഹകാർമികരായിരുന്നു.

അനൗദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയന്നയിലെത്തിയ മാർ സ്റ്റീഫൻ ചിറപ്പണത്ത് മെത്രാഭിഷേകത്തിലേക്ക് മലയാളി സമൂഹത്തെ നേരിട്ട് ക്ഷണിക്കാനും പ്രാർഥനാ സഹായം അഭ്യർഥിക്കാനുമാണ് വിയന്നയിൽ എത്തിയത്. വിയന്നയിലെ മലയാളി സമൂഹം നൽകിയ സ്വീകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു. റവ. ഡോ. തോമസ് താണ്ടപ്പിള്ളി, ഐസിസി ജനറൽ കൺവീനർ തോമസ് പടിഞ്ഞാറേകാലയിൽ എന്നിവർ പ്രസംഗിച്ചു.