സൗഹൃദ വേദി ഫഹാഹീൽ ഓണം ഈദ് സൗഹൃദ സംഗമം നടത്തി
Wednesday, October 5, 2016 5:52 AM IST
ഫഹാഹീൽ (കുവൈത്ത്) : സൗഹൃദ വേദി ഫഹാഹീൽ സംഘടിപ്പിച്ച ഓണം – ഈദ് സൗഹൃദ സംഗമം ശ്രദ്ധേയമായി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡന്റ് എ.ഡി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ഷോർട്ട് ഫിലിം ഡയറക്ടറുമായ ഷെമിജ് കുമാർ ഓണസന്ദേശവും കെഐജി സെക്രട്ടറി അനീസ് ഫാറൂഖി ഈദ് സന്ദേശവും നൽകി. കെഐജി ഈസ്റ്റ് മേഖല പ്രസിഡന്റ് കെ. മൊയ്തു, ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു, സൗഹൃദവേദി കൺവീനർ എം.കെ. ഗഫൂർ, സെക്രട്ടറി ബാബു സജിത്ത് എന്നിവർ പ്രസംഗിച്ചു.

തുടർന്നു ഷിയാസ്, രോഹിത് ബാബു, സുഷമ രമേശ്, സുരേന്ദ്രൻ, നിവിൻ രമേശ്, അരുൺ, ഷൺമുഖൻ എന്നീ കലാകാരന്മാർ പങ്കെടുത്ത ഗാനമേള സംഗമത്തിന് മിഴിവേകി. നൂറു കണക്കിനു പേർ പങ്കെടുത്ത പരിപാടിയിൽ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കി.

സൗഹൃദവേദി എക്സിക്യൂട്ടീവ് മെംബർമാരായ രഞ്ജിത് മേനോൻ, കെ.ഒ. വിനോദ്, കെ.സി. വിജയകുമാർ, എം.എ. ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.