ഹേവാർഡ്സ്ഹീത്തിൽ ഒരുമയുടെ ഓണാഘോഷം നടത്തി
Wednesday, October 5, 2016 5:53 AM IST
ലണ്ടൻ: ഹേവാർഡ്സ്ഹീത്തിലെ മലയാളി അസോസിയേഷനുകളായ ഫ്രന്റ്സ് ഫാമിലി ക്ലബും (എഎട) ഹേവാർഡ്സ്ഹീത്ത് യുണൈറ്റഡ് മലയാളി ക്ലബും (ഹം) സംയുക്‌തമായി ഓണം ആഘോഷിച്ചു. മെത്തോഡിസ്റ്റ് പാരിഷ് ഹാളിലായിരുന്നു ആഘോഷ പരിപാടികൾ.

ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷ പരിപാടികൾക്കു തുടക്കമമായി. തുടർന്ന് കുട്ടികളുടെയും സ്ത്രീകളുടേയും വിവിധ മത്സരങ്ങൾ അരങ്ങേറി.

വൈകുന്നേരം നാലിന് വാദ്യമേളങ്ങളുടെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഓണാഘോഷ കമ്മിറ്റി ചെയർപേഴ്സൺമാരായ ജോഷി കുര്യാക്കോസ്, കോര വർഗീസ് മടമന, മഹാബലിയായി വേഷമിട്ട രാജു ലൂക്കോസ്, എഫ്എഫ്സി പ്രസിഡന്റ് ബിജു പോത്താനിക്കാട്, ഹം അസോസിയേഷൻ പ്രസിഡന്റ് നൗഫൽ മുഹമ്മദ്, സെക്രട്ടറി സിബി കെ. തോമസ് എന്നിവർ ഭദ്രദീപം തെളിച്ചതോടെ ആഘോഷത്തിനു തുടക്കമായി. എഫ്എഫ്സി പ്രസിഡന്റ് ബിജു പോത്താനിക്കാട് അധ്യക്ഷത വഹിച്ചു. ടിനോ സെബാസ്റ്റ്യൻ സന്ദേശം നൽകി. ഹം അസോസിയേഷൻ പ്രസിഡന്റ് നൗഫൽ മുഹമ്മദ് പ്രസംഗിച്ചു.

അസോസിയേഷൻ സെക്രട്ടറി ജിജോ അരയത്ത്, വൈസ് പ്രസിഡന്റ് ഡിംബിൾ ബേസിൽ, ട്രഷറർമാരായ ജിമ്മിപോൾ, മിനി വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സജി ജോൺ, സണ്ണി ലൂക്കാ ഇടത്തിൽ, മിനി സജിയും പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ സദാനന്ദൻ ദിവാകരൻ, ബാബു മാത്യു, ജോസഫ് തോമസ്, ഷാബു കുര്യൻ, അനിൽ ശിവൻ, ബേസിൽ ബേബി, ലിജേഷ് കെ. കുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ഉണ്ണികൃഷ്ണൻ നയിക്കുന്ന ഗ്രെയ്സ് മെലോഡിയസ് ഹാംഷെയറിന്റെ ഗാനമേളയും ഹേവാർഡ്സ്ഹീത്തിലെ അനുഗ്രഹീത കലാകാരന്മാരായ സജി ജോൺ. ജിമ്മി, സിലു ജിമ്മി, മാനിക്സ്, ജോൺ സെബാസ്റ്റ്യൻ, ജോൺ സജി തുടങ്ങിയവർ ആലപിച്ച ഗാനങ്ങളും ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു. എഫ്എഫ്സി മുൻ സെക്രട്ടറി സദാനന്ദൻ ദിവാകരൻ, ജെസ്ന ജോയ് എന്നിവർ അവതാരകരായിരുന്നു.

പുരുഷന്മാരുടെ വടംവലി മത്സരത്തിൽ ജോഷി കുര്യാക്കോസിന്റെ ടീം ഒന്നാം സ്‌ഥാനവും മാത്യു ജോയ് ജോസ് ബിജുവിന്റെ ടീം രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. വനിതകളുടെ വിഭാഗത്തിൽ സുനി ജിജോ, അനി ബിജു, സ്മിത ജയിംസ്, ഹെൽഗ സിജോയ്, മിനി വർഗീസ്, നിഷ എന്നിവരുടെ ടീം ഒന്നാം സ്‌ഥാനം നേടി. സദാനന്ദൻ ദിവാകരൻ, ഹരികുമാർ, ബെനേഷ്, അനിൽ ശിവൻ, ജിജോ എബ്രഹാം എന്നിവർ പൂക്കളവും ഒരുക്കി. ഡിന്നറോടെ ആഘോഷപരിപാടികൾ അവസാനിച്ചു. ജിജോ അരയത്ത് നന്ദി പ്രസംഗം നടത്തി.