ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമപ്പെരുന്നാൾ
Wednesday, October 5, 2016 5:57 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമപ്പെരുന്നാളും 39ാ–മത് വാർഷികാഘോഷവും ഒക്ടോബർ 14, 15, 16 (വെളളി, ശനി, ഞായർ) ദിവസങ്ങളിൽ ഇടവക മെത്രാപ്പൊലീത്ത യൽദൊ മോർ തീത്തോസിന്റെ മഹനീയ സാന്നിധ്യത്തിൽ നടത്തും.

ഒമ്പതിന് (ഞായർ) വിശുദ്ധ കുർബാനാനന്തരം വികാരി ഫാ. സാജൻ ടി. ജോണിന്റെയും അസിസ്റ്റന്റ് വികാരി റവ. ഡോ. രജ്‌ജൻ മാത്യുവിന്റേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

14ന് (വെളളി) വൈകുന്നേരം ഏഴിന് ഭക്‌ത സംഘടനകളുടെ സംയുക്‌ത വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ അരങ്ങേറും.

പൗലോസ് എന്ന ധീര രക്‌തസാക്ഷിയുടെ ത്യാഗോജ്വലമായ ജീവിത കഥയുടെ നാടക ആവിഷ്കാരം പരിപാടിയുടെ ഭാഗമായിരിക്കും.

15ന് (ശനി) വൈകുന്നേരം 6.15ന് മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെയും കത്തിച്ച മെഴുകുതിരികളോടെയും അകമ്പടിയോടെ പളളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. 6.30 ന് സന്ധ്യാ പ്രാർഥനയും തുടർന്ന് ഫാ. യൽദൊ പൈലിയുടെ വചന പ്രഭാഷണവും നടക്കും.

16ന് (ഞായർ) രാവിലെ 8.15 ന് പ്രഭാത പ്രാർഥനയെ തുടർന്ന് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കും. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ഭക്‌തി നിർഭരമായ റാസ പെരുന്നാൾ ആഘോഷങ്ങളെ ഭക്‌തിസാന്ദ്രമാക്കും. സ്നേഹവിരുന്നോടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.

പരിപാടികളുടെ നടത്തിപ്പിനായി ഫാ. സാജൻ ടി. ജോൺ (വികാരി), ഫാ. ഡോ. രജ്‌ജൻ മാത്യു(അസിസ്റ്റന്റ് വികാരി) ബാബു സി. മാത്യു(വൈസ്പ്രസിഡന്റ്) ബാബു കുരിയാക്കോസ് (സെക്രട്ടറി) ജോസഫ് ജോർജ്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പളളി മാനേജിംഗ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഈ വർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നത് രാജൻ ഫിലിപ്പോസ്, ജോൺ ഫിലിപ്പോസ്, ലില്ലി വർഗീസ്, റെൻജി ഫിലിപ്പോസ്, സാജു വർഗീസ് എന്നിവരും കുടുംബാംഗങ്ങളുമാണ്.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ