തൊണ്ണൂറു വർഷത്തെ ദാമ്പത്യത്തിന് ഭർത്താവിന്റെ മരണത്തിലൂടെ അന്ത്യം
Wednesday, October 5, 2016 8:09 AM IST
ലണ്ടൻ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യ ജീവിതം നയിച്ചുവെന്ന് കരുതുന്ന ഇന്ത്യൻ വംശജൻ അന്തരിച്ചു. 110 കാരനായ കരംചന്ദ് ആണ് കഴിഞ്ഞ ആഴ്ച സ്വാഭാവിക മരണത്തിന് കീഴടങ്ങിയത്. തന്റെ 111 ാമത് ജന്മദിനം ആഘോഷിക്കാൻ ആറാഴ്ചമാത്രം അവശേഷിക്കെയാണ് വിടവാങ്ങൽ.

90 വർഷമാണ് ചന്ദും 103 കാരിയായ കർതാരിയും ദാമ്പത്യം നയിച്ചത്. കഴിഞ്ഞ വർഷം തൊണ്ണൂറാം വിവാഹ വാർഷികം ആഘോഷിച്ചതോടെയാണ് ഇവർ താരങ്ങളായി മാറിയത്. ഒരിക്കൽപോലും ഇരുവരുടെ ദാമ്പത്യജീവിതത്തിൽ കല്ലകുടികൾ ഉണ്ടായിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നു. മകനായ പോളിനൊപ്പം ഇംഗ്ളണ്ടിലെ വെസ്റ്റ് യോർക്ഷെയറിലെ ബ്രാഡ്ഫോഡിലായിരുന്നു ഇവരുടെ താമസം.

പിതാവിന്റെ മരണത്തോടെ തങ്ങൾ പൂർണമായും ശൂന്യരായിരിക്കുകയാണെന്ന് പോൾ പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് പഞ്ചാബിലെ കർഷക കുടുംബത്തിൽ 1905ൽ ആണ് കരംചന്ദിന്റെ ജനനം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച പ്രകാരം സിഖ് ആചാരമനുസരിച്ച് 1925ൽ ആയിരുന്നു കർതാരിയുമായുള്ള ചന്ദിന്റെ വിവാഹം. കർഷകൻ എന്ന നിലയിൽനിന്ന് മാറി 1965ലാണ് ചന്ദ് ലണ്ടനിലെ ബ്രാഡ്ഫോർഡിലേക്ക് കുടിയേറിയത്. ഇന്ന് എട്ടു മക്കളും 27 കൊച്ചുമക്കളും ഡസൺ കണക്കിന് അവരുടെ മക്കളുമായി നാലു തലമുറകളിലൂടെ ചന്ദ്–കർതാരി കുടുംബം വളർന്നു.

ഗിന്നസ് റിക്കാർഡിൽ ഔദ്യോഗികമായി ഇതുവരെ രേഖപ്പെടുത്താത്ത ദൈർഘ്യമേറിയ ദാമ്പത്യമാണ് ഇവരുടേത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ