വചനമാരി ചൊരിഞ്ഞ് ഫീനിക്സിൽ അഖണ്ഡ ബൈബിൾ പാരായണം
Thursday, October 6, 2016 2:12 AM IST
ഫീനിക്സ്: വചനമേശയിൽ നിന്നു ആവോളം ഭക്ഷിച്ച് സംതൃപ്തരാകുന്നില്ലെങ്കിൽ ബലിപീഠത്തിൽനിന്ന് മുറിച്ച് പങ്കുവെയ്ക്കപ്പെടുന്ന മിശിഹായുടെ തിരുശരീര രക്‌തങ്ങളുടെ സത്യാർത്ഥം ഗ്രഹിക്കാനാകില്ല. തിരുവചനമാണ് ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം. സുവിശേഷം ജീവിക്കുമ്പോഴാണ് ക്രൈസ്തവ ജീവിതം സാർത്ഥകമാകുന്നത്. ഫീനിക്സ് ഹോളിഫാമിലി സീറോ മലബാർ ദേവാലയം സംഘടിപ്പിച്ച അഖണ്ഡ ബൈബിൾ പാരായണത്തിന്റെ പ്രസക്‌തി വിളിച്ചറിയിക്കുന്നതായി ഇടവക വികാരി ഫാ ജോർജ് എട്ടുപറയിൽ നൽകിയ സന്ദേശം.

കരുണാവർഷം പ്രമാണിച്ച് കഴിഞ്ഞ ഒരു വർഷമായി ഇടവകയിൽ നടത്തിവരുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമയാണ് ഏകദിന അഖണ്ഡ ബൈബിൾ പാരായണം സംഘടിപ്പിക്കപ്പെട്ടത്. ദിവസം മുഴുവൻ ഇടമുറിയാതെ നീണ്ടുനിന്ന ബൈബിൾ പാരായണത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമൊപ്പം മറ്റുള്ളവരും ഭക്‌തിപൂർവ്വം പങ്കുചേർന്നത് ആഘോഷപരിപാടിയുടെ വൻ വിജയത്തിനു കാരണമായി.

കരുണാവർഷത്തിൽ വിവിധ കർമപരിപാടികളുടെ നടത്തിപ്പിനുവേണ്ടി പ്രത്യേകം രൂപവത്കരിച്ച കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ബൈബിൾ പാരായണം സംഘടിപ്പിച്ചത്. കൈക്കാരന്മാരായ പ്രസാദ് ഫിലിപ്പ്, മനോജ് ജോൺ, ജയ്സൺ ഫിലിപ്പ് എന്നിവർ ആഘോഷപരിപാടികളുടെ ഏകോപനം നിർവഹിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം