അർപ്പൺ കുവൈത്ത് ഇന്ത്യൻ കൾചറൽ ഷോ നവംബർ നാലിന്
Thursday, October 6, 2016 6:41 AM IST
കുവൈത്ത്: കുവൈത്തിലെ പ്രമുഖ കലാ സാംസ്കാരിക സാമൂഹിക സംഘടനയായ അർപ്പൺ കുവൈത്ത് പതിനേഴാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കൾചറൽ ഷോ സംഘടിപ്പിക്കുന്നു.

നവംബർ നാലിന് (വെള്ളി) ജലീബ്മറീന ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള ‘എംജെ 5’ എന്ന ഡാൻസ് ടീമിന്റെ നൃത്തമാണ് പ്രധാന ആകർഷണം.

ഇന്ത്യയുടെ ‘മൂൺ വാക്കേഴ്സ്’ എന്ന ഈ അഞ്ചംഗ സംഘം, സ്റ്റാർ പ്ലസ് റിയാലിറ്റി ഷോ ആയ ‘ഇന്ത്യാസ് ഡാൻസിംഗ് സൂപ്പർ സ്റ്റാർ’ വിജയികൾ ആണ്. തങ്ങളുടെ ചടുല വേഗത്തിലുള്ള നൃത്ത ചുവടുകൾ കൊണ്ട് കാണികളെ അമ്പരപ്പിക്കുന്ന ഇവർ ലോക പ്രശസ്ത നൃത്ത രാജാവ് മൈക്കിൾ ജാക്സന്റെ രീതിയിലൂടെയാണ് നൃത്തങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവർ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ ഇന്ത്യയുടെ വിവിധ ദേശങ്ങളിലുള്ള നൃത്തങ്ങൾ കുവൈറ്റിലെ കാണികൾക്കു അർപ്പൺ പരിചയപ്പെടുത്തുന്നു. കാർത്തിക് റാമിയ, വിഷ്ണു കുമാർ, ഹിമാൻഷു ഗോള, രോഹിത് സിംഗ്, അലക്സാണ്ടർ ആന്റണി എംജെ 5 ലെ അംഗങ്ങൾ. ഇന്ത്യൻ കൾചറൽ ദിവസ് എന്നു പേരിട്ടിരിക്കുന്ന ഈ നൃത്ത പരിപാടി ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന വിശേഷണത്തെ അന്വർഥമാക്കുന്നതാണ്.

ഭാരതീയ സംസ്കാരത്തേയും കലകളേയും എന്നും പ്രോത്സാഹിപ്പിക്കാറുള്ള അർപ്പൺ കുവൈറ്റ്, ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി കൺവീനർമാരായി മഹാദേവനെയും കെ.പി. സുരേഷിനെയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: മഹാദേവൻ 66784867, കെ.പി. സുരേഷ് 97238035.

റിപ്പോർട്ട്: സലിം കോട്ടയിൽ