യൂറോപ്പിലെ ബാങ്ക് ട്രാൻസ്ഫറുകൾ വേഗത്തിലാക്കും
Thursday, October 6, 2016 6:48 AM IST
ഫ്രാങ്ക്ഫർട്ട്: യൂറോപ്പിലെ ബാങ്ക് ട്രാൻസഫറുകൾ ഇമെയിൽ പോലെ വേഗത്തിലാക്കുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് യൂറോ റിട്ടെയിൽ പെയ്മെന്റ് ബോർഡ് അറിയിച്ചു. ഒരു ഇമെയിൽ അയച്ചാൽ പോകുന്ന വേഗതയിൽ യൂറോപ്പിനുള്ളിലെ ബാങ്ക് ട്രാൻസ്ഫറുകൾ അടുത്ത വർഷം ജനുവരി ഒന്നു മുതൽ വേഗത്തിലാക്കും.

യൂറോപ്പിലെ എല്ലാ പ്രധാന ബാങ്കുകളുമായി ഈ ബാങ്ക് ട്രാൻസഫർ സിസ്റ്റം ഇൻസ്റ്റന്റ് പെയ്മെന്റ് ഇൻ റിയൽ ടൈം യൂറോപ്യൻ സെൻട്രൽ ബാങ്ക് യൂറോ റിട്ടെയിൽ പെയ്മെന്റ് ബോർഡ് പരീക്ഷണാടിസ്‌ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്നു. ജർമനിയിൽ ഡോയിച്ചേ ബാങ്ക്, കൊമേഴ്സ് ബാങ്ക് എന്നിവ ഈ ട്രാൻസ്ഫർ സിസ്റ്റത്തിൽ യൂറോ റിട്ടെയിൽ പെയ്മെന്റ് ബോർഡുമായി ഈ പരീക്ഷണത്തിൽ സഹകരിക്കുന്നു.

ഇൻസ്റ്റന്റ് പെയ്മെന്റ് ഇൻ റിയൽ ടൈം നിലവിൽ വരുന്നത് യൂറോപ്പിലെ സാധാരണക്കാർക്ക് വളരെ പ്രയോജനപ്രദമാണ്. ഇപ്പോഴത്തെ സാധാരണ ബാങ്ക് ട്രാൻസ്ഫർ പെയ്മെന്റുകൾ 24 മണിക്കൂർ മുതൽ മൂന്നു മുതൽ നാലു ദിവസം വരെ സമയം എടുക്കുന്നുണ്ട്. ഈ സമയം ട്രാൻസഫർ ചെയ്യുന്ന ബാങ്കുകൾ പരമാവധി അവരുടെ സാമ്പത്തിക ലാഭത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയിരുന്നു.

റിപ്പോർട്ട്: ജോർജ് ജോൺ