ഓസ്ട്രിയൻ ക്നാനായ കുടുംബമേളയ്ക്ക് ഉജ്‌ജ്വല സമാപനം
Thursday, October 6, 2016 6:49 AM IST
ബുർഗൻലാൻഡ്/വിയന്ന: ഓസ്ട്രിയയിലെ ക്നാനായ കത്തോലിക്കാ സമൂഹം കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തിൽ കുടുംബമേള ആഘോഷിച്ചു. ബുർഗൻലാൻഡിലെ നോയിട്ടാളിൽ മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ ഓസ്ട്രിയയിലെ നിരവധി ക്നാനായ കുടുംബങ്ങൾ പങ്കെടുത്തു.

കുടുംബമേളയിൽ വിശ്വാസ സംബന്ധമായ വിഷയങ്ങളും ആനുകാലിക സംഭവങ്ങളുമുൾപ്പെടെ സമൂഹത്തെ സംബന്ധിക്കുന്ന വിവിധ മേഖലകൾ ചർച്ചയ്ക്ക് വിഷയമായി. വിനോദ പരിപാടികളും ക്യാമ്പ് ഫയറും വിവിധ മത്സരങ്ങളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു.

ഒക്ടോബർ ഒന്നിന് ഫാ. ജോമോൻ ചേരോലിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. കുടുംബമേള എന്ന വാക്കിന്റെ അർഥവും വ്യാപ്തിയും എന്ന വിഷയത്തിൽ ഫാ. ജോമോൻ വിശദീകരിച്ചു. തുടർന്നു കത്തോലിക്കാ വിശ്വാസവും ക്നാനായ സമൂഹത്തെയും ആസ്പദമാക്കി മോൺ. ഡോ. ജോജി വടകര ക്ലാസുകൾ നയിച്ചു. സമാപന ദിവസം നടന്ന ചടങ്ങിൽ അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യാതിഥിയായിരുന്നു. യൂറോപ്പിലെ സീറോ മലബാർ സമൂഹത്തെപ്പറ്റിയും ക്നാനായ സമൂഹം കത്തോലിക്കാ സംസ്കാരത്തിലും സഭയുടെ തനതായ പൈതൃകത്തിലും ഐക്യപ്പെട്ടു ജീവിക്കുന്നതിന്റെ പ്രാധാന്യത്തെയും പ്രതിപാദിച്ച് സംസാരിച്ചു. വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ മാർ മൂലക്കാട്ട് സമാപനാശീർവാദവും നൽകി.

തുടർന്ന് ഇന്ത്യൻ കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ മാർ മാത്യു മൂലക്കാട്ടിനും സീറോ മലബാർ സഭയുടെ യുറോപ്പിനുവേണ്ടിയുള്ള നിയുക്‌ത ബിഷപ്പും അപ്പോസ്തോലിക വിസിറ്റേറ്ററുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിനും നൽകിയ സ്വീകരണ പരിപാടിയിലും സ്റ്റട്ട്ലൗ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും പങ്കെടുത്തു.

റിപ്പോർട്ട്: ജോബി ആന്റണി