ഗർഭഛിദ്രം: നിരോധനം പോളണ്ട് പാർലമെന്റ് തള്ളി
Thursday, October 6, 2016 8:12 AM IST
വാഴ്സോ: പോളണ്ടിൽ ഗർഭഛിദ്രം പൂർണമായും നിരോധിക്കണമെന്ന വിവാദമായ ബിൽ പോളണ്ട് പാർലമെന്റ് തള്ളി. 58 നെതിരെ 352 എംപിമാർ ബില്ലിനെതിരെ വോട്ടുചെയ്തു.

ഗർഭച്ഛിദ്രം നിയമവിരുദ്ധമാണെന്നു കാണിച്ച് 4,50,000 പൗരന്മാരുടെ ഒപ്പുകൾ ശേഖരിച്ചു പാർലമെന്റിന് നൽകിയിരുന്നു. കൂടാതെ ഇവർ രാജ്യത്തെങ്ങും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരു ലക്ഷത്തോളം സ്ത്രീകൾ തെരുവിൽ ഇറങ്ങിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വനിതാ ജീവനക്കാർ ജോലി ബഹിഷ്കരണവും നടത്തി. ഗർഭിഛിദ്രം കത്തോലിക്കാ സഭയുടെ മൂല്യങ്ങളെ നിരുൽസാഹപ്പെടുത്തുന്നതാണെന്ന് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി ബിയാറ്റെ സിഡ്ലോ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ ഡെപ്യൂട്ടി പ്രധാനമന്ത്രി ജരോസ്ലോ ഗോവിൽ ബില്ലിനെ എതിത്തു വോട്ടു ചെയ്തു.

പോളണ്ടിലെ നിലവിലെ നിയമം അനുസരിച്ച് അമ്മയുടെ ജീവന് അപകടമുണ്ടാകുമെന്ന ഘട്ടം വരുമ്പോഴും ഗർഭസ്‌ഥശിശുവിന് വൈകല്യമുണ്ടെന്നു പരിശോധനയിലൂടെ വ്യക്‌തമാവുകയാണെങ്കിലും ഗർഭഛിദ്രം നടത്താൻ അർഹതയുണ്ട്. ഇതുകൂടാതെ മാനഭംഗത്തിനിരയായി ഗർഭം ധരിച്ചാലും ഗർഭഛിദ്രത്തിന് അവകാശമുണ്ട്. ഇതിനെതിരെ കൊണ്ടുവന്ന ബില്ലാണ് ഇപ്പോൾ പാർലമെന്റിൽ വോട്ടിനിട്ട് തള്ളിയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ