ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
Friday, October 7, 2016 2:00 AM IST
ഡാളസ്: ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഈ മാസം ഒന്നാം തീയതി നടത്തപെട്ട ദുർഗാ പൂജയോടെ തുടക്കമായി. വിജയദശമി ദിവസമായ ഒക്ടോബർ പതിനൊന്നാം തീയതി രാവിലെ എട്ടിനും ഒൻപതിനും കുട്ടികളുടെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകൾ നടത്തപ്പെടുമെന്നു കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ള അറിയിച്ചു.

നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കലാപരിപാടികൾക്ക് ഈ മാസം രണ്ടാം തീയതി നടന്ന മൈസൂർ സഹോദരൻമാരുടെ വയലിൻ കച്ചേരിയോടുകൂടി തുടക്കമായി. നാട്ടിൽ നിന്നും എത്തിയ വയലിൻ വിദ്വാൻ മാരായ നാഗരാജ, ഡോക്ടർ മഞ്ജുനാഥ് എന്നിവർക്കൊപ്പം രാജ റാവുവിന്റെ മൃദംഗവും ഗിരിധരിന്റെ ഘടവും കൂടി ചേർന്നു സംഗീത ആസ്വാദകരെ അനേകം മണിക്കൂറുകൾ ആനന്ദസാഗരത്തിൽ ആറാടിച്ചു.

ഒക്ടോബർ ഏഴിനു രാത്രിയിൽ ക്ഷേത്രത്തിന്റെ സ്പിരിച്ചൽ ഹാളിൽ അരങ്ങേറുന്ന തിരുവാതിര രാവിൽ ഇരുനൂറിൽ കൂടുതൽ കലാകാരികൾ പങ്കെടുക്കുമെന്ന് ട്രസ്റ്റി ചെയർമാൻ ഹരിദാസൻ പിള്ള അറിയിച്ചു. അതിനുശേഷമുള്ള ഡാണ്ടിയ ഡാൻസിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. നീലമന വിനയൻ തിരുമേനിയും, ഇരിഞ്ഞാടപള്ളി പദ്മനാഭൻ തിരുമേനിയുമാണ് ദേവി പൂജകൾക്ക് നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: സന്തോഷ് പിള്ള