മെത്രാഭിഷേകം: വിഥിൻഷോയിൽ നിന്നും രണ്ട് കോച്ചുകൾ
Friday, October 7, 2016 8:16 AM IST
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഉദ്ഘാടനത്തിനും പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും നടക്കുന്ന പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിലേക്ക് വിഥിൻഷോയിൽ നിന്നും ഷ്രൂസ്ബറി രൂപതയുടെ കീഴിലുള്ള സെന്റ് തോമസ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവകാംഗങ്ങൾക്കായി രണ്ട് ഡബിൾ ഡക്കർ കോച്ചുകളാണ് ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ ഒമ്പതിന് (ഞായർ) നടക്കുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശേരിയുടെ നേത്യത്വത്തിൽ ട്രസ്റ്റിമാരും യൂണിറ്റ് കോഓർഡിനേറ്റർമാരും ചേർന്നാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 80 സീറ്റുകളുള്ള രണ്ട് കോച്ചുകൾ കൂടാതെ നിരവധി കാറുകളിലും വിശ്വാസികൾ മെത്രാഭിഷേക ശുശ്രൂഷകളിൽ സംബന്ധിക്കുവാൻ പ്രസ്റ്റണിലേക്ക് തിരിക്കുന്നുണ്ട്. ഇടവകയിലെ ഒമ്പത് വാർഡുകളിൽ സെന്റ് മേരീസ്, സെന്റ് ഹ്യൂസ്, സേക്രഡ് ഹാർട്ട് എന്നീ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങൾ സേക്രഡ് ഹാർട്ട് ദേവാലയത്തിന്റെ പരിസരത്തുനിന്നും പുറപ്പെടുന്ന കോച്ചിലും സെന്റ് ആന്റണീസ്, സെന്റ് അൽഫോൻസ, സെന്റ് വിൻസെന്റ്, സെന്റ് കുര്യാക്കോസ്, സെന്റ് ജോൺസ്, സെന്റ് ബെനഡിക്ട് എന്നീ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങൾ സെന്റ് ജോൺസ് സ്കൂളിന് മുമ്പിൽ നിന്നും പുറപ്പെടുന്ന കോച്ചിലുമാണ് കയറേണ്ടത്. കോച്ചുകൾ ഞായറാഴ്ച രാവിലെ 10ന് പുറപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആവശ്യത്തിനുള്ള ഭക്ഷണവും കാലാവസ്‌ഥ പ്രതികൂലമാവുകയാണെങ്കിൽ അതിനുവേണ്ടിയുള്ള സജ്‌ജീകരണങ്ങളും കരുതിയിരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. സ്റ്റേഡിയത്തിനകത്ത് കുട നിവർത്താൻ അനുവദിക്കാത്തതിനാൽ റെയിൻകോട്ടും മറ്റും കരുതിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: അലക്സ് വർഗീസ്