കേളി ഇടപെടലിലൂടെ സൗദിയിൽനിന്നും തിരുവനന്തപുരം സ്വദേശി നാടണഞ്ഞു
Friday, October 7, 2016 8:20 AM IST
റിയാദ്: ഹൗസ് ഡ്രൈവർ വീസയിൽ വന്നു ദുരിതത്തിലായ തിരുവനന്തപുരം സ്വദേശി കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടൽമൂലം ഒടുവിൽ നാടണഞ്ഞു.

ആറു മാസങ്ങൾക്കു മുൻപാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിവിൻ കുമാർ ഹൗസ് ഡ്രൈവർ വീസയിൽ സനയ്യയിൽ എത്തുന്നത്. 1500 റിയാൽ ശമ്പളവും താമസവും ഭക്ഷണവും നൽകുമെന്നാണ് വീസ നൽകിയ ഏജന്റ് ഉറപ്പുനൽകിയത്. ഇതിനായി 56,000 രൂപ ഈടാക്കുകയും ചെയ്തു.

മൂന്നു മാസത്തോളം പറഞ്ഞപ്രകാരം എല്ലാ സൗകര്യങ്ങളും ലഭിച്ചുവെങ്കിലും തുടർന്ന് അകാരണമായി സ്പോൺസർ മർദിക്കുകയും ശമ്പളം നൽകാതിരിക്കുകയും ചെയ്തു. മർദ്ദനം അസഹ്യമായപ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചെങ്കിലും പോലീസ് പരാതി സ്വീകരിക്കാതെ ഇറക്കി വിടുകയായിരുന്നു. തുടർന്ന് തിരിച്ചു പോയാലുണ്ടായേക്കാവുന്ന അവസ്‌ഥ ഭയന്ന് റിയാദിലുള്ള അമ്മാവൻ ഗോപിയുടെ അടുത്തെത്തി കാര്യങ്ങൾ വിവരിച്ചു. ഗോപിയും സുഹൃത്തുക്കളും കേളി ന്യൂ സനയ്യ ജീവകാരുണ്യ കൺവീനർ അബാസുമായി ബന്ധപ്പെട്ട്, ആദ്യം ലേബർ കോടതിയിലും പിന്നീട് ഇന്ത്യൻ എംബസിയിലും പരാതി നൽകുകയും ചെയ്തു.

ഇതിനിടയിൽ പ്രശ്നപരിഹാരത്തിന് എംബസി നിർദ്ദേശപ്രകാരം സ്പോൺസറുമായി സംസാരിച്ചുവെങ്കിലും തുടക്കത്തിൽ വിവിനെതിരെ പണാപഹരണത്തിനു കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും പന്നീട് പരിഹാരത്തിന് തയാറാവാതിരുന്ന സ്പോൺസർ കോടതി പേപ്പർകൂടി കണ്ടപ്പോൾ സഹകരിക്കാൻ തയാറാവുകയായിരുന്നു. വിവിനെ കൊണ്ടുവരാൻ ചെലവായി തുക അടക്കം നഷ്‌ടപരിഹാരമായി 6000 റിയാൽ സ്പോൺസർ ആവശ്യപ്പെട്ടുവെങ്കിലും കോടതിയുടെ രണ്ടാമത്തെ സിറ്റിംഗിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയും എക്സിറ്റ് അടിച്ചു പോകുന്നതിനുള്ള പേപ്പറും കിട്ടുവാനുള്ള ശമ്പള കുടിശികയും ടിക്കറ്റിനുള്ള പണവും നൽകുകയായിരുന്നു.

കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ കിഷോർ, അമ്മാവൻ ഗോപി, സുഹൃത്ത് അമൃതം എന്നിവരുടെ സഹായത്താൽ തർഹീലിൽ നിന്നും എക്സിറ്റ് വാങ്ങുകയും ചെയ്തു. ദുരിതത്തിൽ തുണയായ കേളി പ്രവർത്തകർക്കും മറ്റും നന്ദി പറഞ്ഞ് വെള്ളിയാഴ്ച എയർലങ്കൻ വിമാനത്തിൽ വിവിൻ നാട്ടിലേക്കു മടങ്ങി.