സമാധാനത്തിനുള്ള നൊബേൽ പ്രൈസ് കൊളംബിയൻ പ്രസിഡന്റ് യുവാൻ മാനുവൽ സാന്റോസിന്
Friday, October 7, 2016 8:29 AM IST
ഒസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്റ് യുവാൻ മാനുവൽ സാന്റോസിന്. കൊളംബിയയിൽ സമാധാനം സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.

അഞ്ച് പതിറ്റാണ്ടു നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച് കൊളംബിയൻ സർക്കാരും വിമത സംഘടനയായ കൊളംബിയൻ റെവല്യൂഷണറി ആംഡ് ഫോഴ്സസും (ഫാർക്) തമ്മിൽ അടുത്തിടെ സമാധാന ഉടമ്പടിയിൽ എത്തിയത് സാന്റോസിന്റെ നിരന്തര പരിശ്രമംകൊണ്ടാണ്. ഇതിനുവേണ്ടി നാല് വർഷത്തോളം അനുരഞ്ജന ചർച്ച നടത്തിയാണ് വിമതരുമായി ഉടമ്പടിയുണ്ടാക്കിയത്. എന്നാൽ കൊളംബിയയിൽ സർക്കാരുണ്ടാക്കിയ സമാധാനക്കരാർ കഴിഞ്ഞ ദിവസത്തെ ഹിതപരിശോധനയിൽ പരാജയപ്പെട്ടിരുന്നു.

1964 ൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഏതാണ്ട് അമ്പതു വർഷത്തോളം നീണ്ടു നിന്നു.അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ആഭ്യന്തര ലഹളയായിരുന്നു ഇത്. 2,60,000 ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. ആറു മില്യൺ ജനങ്ങൾ പലായനം ചെയ്തു. 50,000 പേരെ കാണാതായി. യുവാൻ മാനുവൽ സാന്റോസ് പ്രതിരോധ മന്ത്രിയായിരുന്ന 2006–09 കാലഘട്ടത്തിലാണ് ഫാർകിനെ സമാധാന ചർച്ചകൾക്കായി എത്തിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ