ബ്രെക്സിറ്റ്: ജർമൻ വ്യവസായികൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് മെർക്കൽ
Friday, October 7, 2016 8:30 AM IST
ബർലിൻ: സ്വതന്ത്ര സഞ്ചാരം അനുവദിക്കാതെ ബ്രിട്ടന് യൂറോപ്യൻ യൂണിയന്റെ ഏകീകൃത വിപണിയിൽ പ്രവേശനം അനുവദിക്കരുതെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ ആവർത്തിച്ചു. ബ്രിട്ടൻ ഇത്തരത്തിൽ അനർഹമായ ആനുകൂല്യം പറ്റുന്നില്ല എന്നുറപ്പാക്കാൻ ജർമൻ വ്യവസായ ലോകം കർക്കശ നിലപാടു തന്നെ സ്വീകരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

യൂറോപ്യൻ യൂണിയനിൽനിന്ന് എല്ലാ അർഥത്തിലും പിൻമാറിയ ശേഷവും ബ്രിട്ടന് ഏകീകൃത വിപണിയിൽ സ്വതന്ത്ര പ്രവേശനം അനുവദിച്ചാൽ മറ്റു പല രാജ്യങ്ങൾക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമായി അതു വ്യാഖ്യാനിക്കപ്പെടുമെന്നും മെർക്കലിന്റെ മുന്നറിയിപ്പ്.

ബ്രെക്സിറ്റിന്റെ കാര്യത്തിൽ ജർമനി കടുത്ത നിലപാടുകൾ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് വ്യവസായ ലോകത്തിന്റെ പിന്തുണയാണ് ഇനി ആവശ്യമെന്നും അവർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ