മീന രജതജൂബിലി വിരുന്ന് നവംബർ അഞ്ചിന്
Saturday, October 8, 2016 4:35 AM IST
ഷിക്കാഗോ: മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (മീന) രജതജൂബിലി വാർഷിക വിരുന്ന് നവംബർ അഞ്ചാംതീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആഷിയാന ബാങ്ക്വറ്റ് ഹാളിൽ (1620 75th Street, Downers Grove, IL) വച്ചു നടക്കും. വടക്കേ അമേരിക്കയിലെ മലയാളികളായ എല്ലാ എൻജിനീയർമാരേയും കോർത്തിണക്കുന്ന ദൗത്യവുമായി ആരംഭിച്ച മീന അതിന്റെ ഇരുപത്തഞ്ചാം വർഷം വിജയകരമായി പൂർത്തിയാക്കുന്നു.

എൻജിനീയറിംഗ് സാങ്കേതികവിദ്യയിൽ മഹത്തായ സംഭാവനകൾ നല്കിയ മലയാളി എൻജിനീയർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് ‘എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം മീന എല്ലാവർഷവും നൽകിവരുന്നു. ഈ രജതജൂബിലി ആഘോഷത്തിൽ കഴിഞ്ഞവർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്‌തികളെ ഒരേ വേദിയിൽ അണിനിരത്തി ഒരു സാങ്കേതിക സെമിനാറും സംഘടിപ്പിക്കുന്നു.

വൈകിട്ട് 5.30–നു ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വിശിഷ്ട വ്യക്‌തികൾ പങ്കെടുത്ത് സംസാരിക്കുന്നതാണ്. അജിത് ചന്ദ്രനും, ചിന്നു തോട്ടവും ഒരുമിച്ച് ഒരുക്കുന്ന സ്വരലയ നൃത്തവാദ്യ കലാപരിപാടി ഈ ആഘോഷത്തിനു മാറ്റുകൂട്ടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മീനയുടെ ആദ്യത്തെ പ്രസിഡന്റ് കോശി വൈദ്യൻ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയിൽ കൺവീനർ ലാലു താച്ചറ്റ് ആഘോഷക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. മലയാളികളായ എല്ലാ എൻജിനീയർമാരേയും അവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ഭാരവാഹികൾ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ജോസഫ് (പ്രസിഡന്റ്) 847 302 1350, സാബു തോമസ് (പി.ആർ.ഒ) 630 890 5045. സെക്രട്ടറി ഫിലിപ്പ് മാത്യു ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം