ബ്രിട്ടീഷ് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും ജർമൻ പൗരത്വം വേണം
Saturday, October 8, 2016 4:39 AM IST
ഫ്രാങ്ക്ഫർട്ട്: ബ്രിട്ടനിൽ നിന്നും ജർമനിയിൽ പഠിക്കുന്ന വിദ്യാർത്ഥികളും, ജോലി ചെയ്യുന്ന യുവാക്കളും ജർമൻ പൗരത്വത്തിനായി സമരം ചെയ്യുന്നു. ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകുന്ന ബ്രിട്ടന്റെ പൗരത്വം തങ്ങൾക്ക് വേണ്ടെന്നും ജർമൻ പൗരത്വം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവർ സമരം തുടങ്ങിയിരിക്കുന്നത്.

ജർമൻ പൗരത്വം ലഭിക്കണമെങ്കിൽ മിനിമം എട്ടു വർഷം ജർമനിയിൽ താമസിച്ചിരിക്കണം എന്നാണു നിയമവ്യവസ്‌ഥ. എന്നാൽ അതിന് ഇളവ് നൽകണം, തങ്ങൾ ജർമനിയിൽ താമസിക്കുന്നു എന്നതാണ് ഇവരുടെ ആവശ്യം. ജർമൻ ഗവൺമെന്റ് ഇതിനോട് അനുകൂലമല്ലാത്ത നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഗ്രീൻപീസ് പാർട്ടി ബ്രിട്ടീഷ് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും പിന്തുണ നൽകുന്നു. ഇതേവരെ 5000 പേർ ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ച് ജർമൻ പൗരത്വം സ്വീകരിച്ചു. ഇപ്പോൾ ഏതാണ്ട് 100.000 പേരാണ് പുതിയതായി ജർമൻ പൗരത്വത്തിന് ശ്രമിക്കുന്നത്. ഈ പുതിയ അപേക്ഷകരിലാണ് മിനിമം 8 വർഷം ജർമനിയിൽ താമസിച്ചിരിക്കണം എന്ന നിയമവ്യവസ്‌ഥക്ക് യോഗ്യത ഇല്ലാത്തവർ ഉള്ളത്.

റിപ്പോർട്ട്: ജോർജ് ജോൺ