യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള ഒക്ടോബർ 15ന്; മുന്നൊരുക്കങ്ങളുമായി റീജണൽ കമ്മിറ്റി
Saturday, October 8, 2016 6:37 AM IST
ലണ്ടൻ: ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പാദങ്ങളിൽ ചിലങ്കകൾ അണിഞ്ഞ മത്സരാർത്ഥികൾ സ്റ്റേജിൽ വിസ്മയം തീർക്കാനായി തയാറെടുക്കുകയാണ്. ഒക്ടോബർ 15ന് (ശനി) ബാസിൽഡണിലെ ജയിംസ് ഹോൺസ്ബി സ്കുളിലാണ് ഈസ്റ്റ് ആംഗ്ലിയ മലയാളികളുടെ കലാ മാമാങ്കത്തിന് തിരശീല ഉയരുന്നത്.

കലാമേളയുടെ പ്രാഥമിക ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി റീജണൽ കമ്മിറ്റി ഒക്ടോബർ ഒന്നിന് റീജണൽ പ്രസിഡന്റ് രഞ്ജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി. യുക്മ നാഷണൽ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. കലാമേള കോഓർഡിനേറ്റർ കുഞ്ഞുമോൻ ജോബും റീജണൽ സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനും കലാമേളയുടെ സുഗമമായ നടത്തിപ്പിനുള്ള മാർഗനിർദ്ദേശങ്ങൾ കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർന്ന് കലാമേളയുടെ നടത്തിപ്പിന് പ്രത്യേകം കമ്മറ്റികൾ രൂപീകരിച്ചു. മത്സര ക്രമങ്ങളുടെ വിവരങ്ങൾ റീജണൽ സെക്രട്ടറി ഓസ്റ്റിൻ കമ്മിറ്റിയിൽ അവതരിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്കായുള്ള അപേക്ഷാ ഫോമുകളും നിബന്ധനകളും റീജണിന്റെ കീഴിലുള്ള എല്ലാ സോസിയേഷനുകൾക്കൂം അയച്ചു നല്കിയിട്ടുണ്ട്. ഒക്ടോബർ പത്താണ് വിവരങ്ങൾ ലഭിക്കേണ്ട അവസാന തീയതി.

15നു രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും. ആദ്യം ഗ്രൂപ്പ് ഇനങ്ങളായ തിരുവാതിര മാർഗം കളി തുടങ്ങിയ കലാ രൂപങ്ങളുടെ മത്സരങ്ങളായിരിക്കും നടക്കുക.

കലാമേളയുടെ ആസ്വാദനത്തിനൊപ്പം ചെംസ്ഫോർഡ് ലൈവ് ദോശ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഹാളിൽ ലഭ്യമാണ്. യുകെയിലെ പ്രവാസി ചാനലായ ഹർഷോം ടിവി കലാമത്സരങ്ങൾ സംപ്രേഷണം ചെയ്യും. കലാമേളയുടെ വിജയത്തിനായി റീജണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷന്റെയും സഹകരണം പ്രതീക്ഷിക്കൂന്നതായി പ്രസിഡന്റ് രഞ്ജിത്ത് കുമാറും സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനും അറിയിച്ചു.

വിവരങ്ങൾക്ക്: രഞ്ജിത്ത് കുമാർ 07796 886 931, കുഞ്ഞുമോൻ ജോബ്07828 976113, ഓസ്റ്റിൻ അഗസ്റ്റിൻ 07889 869 216.