എസ്എംസിസിയുടെ നേതൃത്വത്തിൽ വോട്ടേഴ്സ് രജിസ്ട്രേഷൻ ഡ്രൈവ് നടത്തി
Saturday, October 8, 2016 6:43 AM IST
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാരെ ബോധവത്കരിക്കുന്നതിനും വോട്ടേഴ്സ് ലിസ്റ്റിൽ പേരുകൾ ചേർത്തിട്ടില്ലാത്തവരെ രജിസ്ട്രർ ചെയ്യുന്നതിനുമായി സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ബ്രോങ്ക്സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വോട്ടേഴ്സ് രജിസ്ട്രേഷൻ ഡ്രൈവ് നടത്തി.

ഒക്ടോബർ രണ്ടിനു നടന്ന ചടങ്ങിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിമെംബർ ഷെല്ലി മേയർ പുതിയ രജിസ്ട്രേഷൻ സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെൽബൺ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഓസ്ട്രേലിയയിൽ വോട്ടു ചെയ്യാതിരിക്കുന്നത് നിയമലംഘനമാണ്. വോട്ടു രേഖപ്പെടുത്തുമ്പോൾ മാത്രമാണ് ജനാധിപത്യ പ്രക്രിയയിൽ നാം പൂർണമായി സഹകരിക്കുന്നത്. അതുകൊണ്ട് എല്ലാവരും നവംബർ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത് മാതൃക കാട്ടണമെന്ന് മാർ പുത്തൂർ ഉദ്ബോധിപ്പിച്ചു.

ചടങ്ങിൽ വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ അധ്യക്ഷത വഹിച്ചു. ഫോമ ജനറൽ സെക്രട്ടറി ജിബി തോമസ്, അസി. വികാരി ഫാ. റോയിസൻ മേനോലിക്കൽ, എസ്എംസിസി ചാപ്റ്റർ പ്രസിഡന്റ് ഷാജി സഖറിയ, ഷൈജു കളത്തിൽ എന്നിവർ പ്രസംഗിച്ചു. ജോസഫ് കാഞ്ഞമല, ജോസ് ഞാറകുന്നേൽ, ജോസ് മലയിൽ, ആന്റോ കണ്ണാടൻ, ജോജോ ഒഴുകയിൽ, സിബിച്ചൻ മാമ്പിള്ളി, ബെന്നി മുട്ടപ്പള്ളി, ആലീസ് വാളിപ്ലാക്കൽ, ചിന്നമ്മ പുതുപറമ്പിൽ, സ്റ്റീവ് കൈതാരം തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകി.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി