അവസാനവട്ട ഒരുക്കങ്ങളും വിലയിരുത്തി മാർ ആലഞ്ചേരിയും സംഘവും
Sunday, October 9, 2016 3:11 AM IST
ലണ്ടൻ: ഒരു ജനതയുടെ വർഷങ്ങളായുള്ള പ്രാർഥനയ്ക്കുത്തരമായി ഫ്രാൻസിസ് മാർപാപ്പയിലൂടെ ദൈവം അനുവദിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയും അതിന്റെ നിയുക്‌ത ഇടയൻ മാർ ജോസഫ് സ്രാമ്പിക്കലും ഇന്നു പിറവിയെടുക്കുന്നു. ഫുട്ബോൾ മത്സരത്തിനല്ലാതെ മറ്റൊരു ആത്മീയ ചടങ്ങിന് പ്രശസ്തമായ പ്രസ്റ്റൺ നോർത്ത് എൻഡ് ഫുട്ബോൾ സ്റ്റേഡിയം ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുന്നുവെന്നതും ഒരു പ്രത്യേകതയാണ്.

ശനിയാഴ്ച സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയത്തിന്റെ പുനസമർപ്പണത്തെതുടർന്ന് മെത്രാഭിഷേക തിരുക്കർമങ്ങളുടെ റിഹേഴ്സലും മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് മെത്രാഭിഷേക ചടങ്ങുകൾ നടക്കുന്ന നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ മാർ ആലഞ്ചേരിയും

നിയുക്‌ത മെത്രാൻ മാർ സ്രാമ്പിക്കൽ, ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അവാസനവട്ട ഒരുക്കങ്ങൾ നേരിട്ടു വിലയിരുത്തി.

ഞായറാഴ്ച 12ന് പ്രാർഥനഗാനങ്ങളോടെ തിരുക്കർമങ്ങൾ ആരംഭിക്കും. തിരുക്കർമങ്ങളും പാർക്കിംഗ് സൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളും കമ്മിറ്റിയംഗങ്ങളുടേയും വോളന്റിയേഴ്സിന്റേയും നേതൃത്വത്തിൽ പൂർത്തിയായി. പാർക്കിംഗ് നിബന്ധനകൾ ഏവരും കൃത്യമായി പാലിക്കണമെന്ന് വോളന്റിയേഴ്സ് അറിയിച്ചിട്ടുണ്ട്. വോളന്റിയേഴ്സിന്റെ സേവനം എല്ലാ സമയത്തും ലഭ്യമാണ്.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്