പ്രസ്റ്റൺ ദേവാലയം ഇനി സെന്റ് അൽഫോൻസ കത്തീഡ്രൽ
Sunday, October 9, 2016 3:12 AM IST
ലണ്ടൻ: സീറോ മലബാർ സഭയുടെ ചരിത്രത്തിലും ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രത്തിലും പുതിയ അധ്യായം കുറിച്ച് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്റ്റൺ സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തെ സെന്റ് അൽഫോൻസ കത്തീഡ്രൽ ആയി ഉയർത്തി.

ശനിയാഴ്ച വൈകുന്നേരം ആറിന് ദേവാലയത്തിലും പരിസരങ്ങളിലും തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷിനിർത്തിയാണ് തിരുക്കർമങ്ങൾ ആരംഭിച്ചത്. നാട മുറിച്ച് മാർ ജോർജ് ആലഞ്ചേരി കത്തീഡ്രൽ ദേവാലയത്തിലേക്ക് വിശ്വാസികളെ നയിച്ചു. തുടർന്ന് ദേവാലയ പുനസമർപ്പണം നടത്തി കത്തീഡ്രലായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് വായിച്ചു. വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ദേവാലയം സമർപ്പിച്ചുകൊണ്ടുള്ള ശുശ്രൂഷകൾക്കുശേഷം വിശുദ്ധ തിരുസ്വരൂപത്തിൽ ഏലക്കമാല ചാർത്തി വണങ്ങി. ചടങ്ങിൽ ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ കാംബൽ, നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, മറ്റു മെത്രാൻമാർ, വൈദികർ സന്യസ്തർ, അത്മായർ തുടങ്ങിയവർ തിരുക്കർമങ്ങളിൽ സംബന്ധിച്ചു.

തുടർന്നു നടന്ന യാമപ്രാർഥനക്ക് കർദിനാൾ മാർ ആലഞ്ചേരി നേതൃത്വം നൽകി.

തിരുക്കർമങ്ങളിൽ സംബന്ധിക്കാനെത്തിയ എല്ലാ മെത്രാൻമാരേയും മാർ ജോർജ് ആലഞ്ചേരി വിശ്വാസികൾക്ക് പരിചയപ്പെടുത്തി. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായി ചുമതലയേൽക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണം വിശ്വാസികളോട് സംസാരിച്ചു. ലങ്കാസ്റ്റർ രൂപത വൈദിക വിശ്വാസികളും നിരവധി ഇംഗ്ലീഷ് വൈദികരും തദ്ദേശീയരായ വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

പുതിയ കത്തീഡ്രൽ ദേവാലയമായ സെന്റ് അൽഫോൻസ ദേവാലയം കരുണയുടെ കവാടമുള്ള ദേവാലയമായും ഇനി അറിയപ്പെടും.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്