ഷിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോനായിൽ തിരുനാൾ ആചരിച്ചു
Sunday, October 9, 2016 4:39 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോനായിൽ, സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ആചരിച്ചു. സെപ്റ്റംബർ 25ന് രാവിലെ 9.45 ന് ഫൊറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ നടന്നത്.

ഇരുപതാം വയസിൽ വൈദികനായ സെന്റ് വിൻസെന്റ് ഡി പോളും സൊസൈറ്റി സ്‌ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒസാനാമും തന്റെ ജീവിതത്തിൽ ദരിദ്രരേയും പാർശ്വവൽകരിച്ചവരേയും ശുഷ്രൂഷിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതിനേപ്പറ്റിയും വിശുദ്ധ വിൻസെന്റ് ഡി പോളിനെ അനുകരിച്ചുകൊണ്ട് നമ്മൾ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യണമെന്നും ദിവ്യബലി മധ്യേ നടന്ന വചന സന്ദേശത്തിൽ മുത്തോലത്തച്ചൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാർ.

തുടർന്നു നടന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി യോഗത്തിൽ പ്രസിഡന്റ് മാത്യു ഇടിയാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ തിരുവൻവണ്ടൂർ പള്ളിയുടെ പുനരുദ്ധാരണത്തിന് അഞ്ഞൂറു ഡോളർ കൊടുക്കുവാൻ തീരുമാനിച്ചു. ചടങ്ങിൽ പ്രസിഡന്റ് മോൺ. ലല്ലു കൈതാരത്തിലിന് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സംഭാവന കൈമാറി. സമാപനപ്രാർഥനയോടെ യോഗം സമാപിച്ചു.